തിരുവനന്തപുരം : ഉത്രവധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് സൂരജിനെ വ്യാഴാഴ്‌ച തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. നിലവില്‍ കൊല്ലം ജില്ല ജയിലിൽ വിചാരണ തടവുകാരനായാണ് സൂരജ് കഴിയുന്നത്. കേസിൽ ബുധനാഴ്‌ച ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.
അതേസമയം ശിക്ഷയില്‍ ഇളവുതേടി സൂരജ് ഹൈക്കോടതിയെ സമീപിക്കും. സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് ഉത്രയുടെ കുടുംബത്തിന്‍റെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷ മതിയായതല്ലെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
READ MORE: ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും
ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം അധിക തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചെങ്കിലും സൂരജിന്‍റെ പ്രായം പരിഗണിച്ച് കോടതി പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എം.മനോജാണ് വിധി പ്രസ്‌താവിച്ചത്. അതേസമയം തന്‍റെ മകൾക്ക് നീതി ലഭിച്ചില്ലെന്നും വധശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു.