തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രം നല്‍കുന്നത്.
ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുക്കും. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. എച്ച്എല്‍എല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തും.
Read more: സംസ്ഥാനത്ത് 18,582 പേര്‍ക്ക് കൂടി COVID 19,102 മരണം
സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്‌ധസമിതിയും കേരളത്തിലെത്തിയിട്ടുണ്ട്. വാക്‌സിന്‍ എടുത്തവരില്‍ രോഗബാധ, ആവര്‍ത്തിച്ച് കോവിഡ് വരുന്നവരുടെ എണ്ണം എന്നി രണ്ട് ഘടകങ്ങളാണ് കേന്ദ്രസംഘം വിശദമായി പരിശോധിക്കുന്നത്. വൈറസിന് വകഭേദം വന്നിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇത്തരമൊരു പരിശോധന. വാക്‌സിന്‍ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രസംഘം നിര്‍ദേശം നല്‍കിയിരുന്നു.