തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട സമരങ്ങളില്‍ നിന്ന് യുഡിഎഫ് പിന്‍മാറുന്നു. ഘടകക്ഷി നേതാക്കളുടെയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ തുടരും. യുഡിഎഫിന്‍റെ വിദ്യാര്‍ഥി യുവജന സംഘടനകളും ഇനി പ്രത്യക്ഷ സമര രംഗത്തുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് സമരങ്ങള്‍ മൂലമല്ലെന്നും സര്‍ക്കാരിന്‍റെ പിടിപ്പു കേടുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. പരിശോധനകള്‍ കൂട്ടിയതുകൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. അത് യുഡിഎഫ് സമരം മൂലമെന്ന് വരുത്താനുള്ള സര്‍ക്കാര്‍ സമരം വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് രാജ്‌ഭവനു മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.