തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയതിന്‍റെ തുടര്‍ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക യു.ഡി.എഫ് യോഗം നാളെ. ഉച്ചയ്ക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജോസ് കെ.മാണിക്ക് നാളത്തെ യോഗത്തിലേക്ക് ക്ഷണമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കന്‍റോണ്‍മെന്‍റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദം ജോസ്.കെ.മാണി പക്ഷം ഒഴിയണമെന്ന് നാല് മാസമായി യു.ഡി.എഫിന്‍റെ മുഴുവന്‍ നേതാക്കളും ആവശ്യപ്പെട്ടിട്ടും അന്ത്യശാസനം നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിക്ക് നേതൃത്വം തയ്യാറായത്. കരാര്‍ പാലിക്കാന്‍ ജോസ് കെ.മാണിക്ക് അവസാന അവസരം കൂടി നല്‍കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. ഒരു പക്ഷേ അവസാന വട്ട മധ്യസ്ഥ ശ്രമത്തിനും സാധ്യതയുണ്ട്. ഇത് നടന്നില്ലെങ്കില്‍ പുറത്താക്കാന്‍ കഴിഞ്ഞ ദിവസമെടുത്ത തീരുമാനത്തിന് യോഗം അന്തിമ അംഗീകാരം നല്‍കും.