തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ച എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ്റെ പ്രസ്‌താവന തുടക്കത്തിലെ ആവേശം മാത്രമാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസന്‍. 'ഉണ്ടുകൊണ്ടിരുന്ന നായർക്ക് ഉൾവിളി' എന്നത് പോലെയായിരുന്നു ജയരാജൻ്റെ പരാമർശം. അവസാനം അത് നിലവിളിയായി.
കൺവീനർ സ്ഥാനം കിട്ടിയപ്പോൾ അമിതാവേശത്തിൽ ആണ് ജയരാജൻ ഓരോ കാര്യങ്ങൾ പറയുന്നത്. എൽഡിഎഫിനെ ശക്തിപ്പെടുത്താനിറങ്ങിയ ജയരാജന് ഒടുവിൽ ശക്തമായ താക്കീത് ലഭിച്ചെന്നും എം.എം ഹസൻ പരിഹസിച്ചു. കോട്ടയത്ത് ജില്ല കോൺഗ്രസ് കമ്മറ്റി സംഘടപ്പിച്ച നേതൃയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പ്രസ്‌താവന മാധ്യമങ്ങൾ വളച്ചെടിച്ചെന്നും എം.എം ഹസൻ ആരോപിച്ചു.
കോൺഗ്രസ് യൂണിറ്റ് കമ്മറ്റി (സിയുസി) രൂപീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ അതിനെ പാർട്ടി ജനങ്ങളിൽ നിന്നകലുന്നു എന്ന തരത്തിൽ ദുർവ്യാഖ്യാനിച്ചുവെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. കോൺഗ്രസിൻ്റെ പ്രവർത്തനം സിയുസികൾ സംഘടിപ്പിച്ച് കൂടുതൽ താഴേ തട്ടിലേക്ക് ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും എം.എം ഹസൻ വ്യക്തമാക്കി.
തിരുവനന്തപുരത്ത് കോൺഗ്രസിൽ വ്യാജ മെമ്പർഷിപ്പ് ചേർത്തെന്ന ആരോപണത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആനക്കാര്യത്തിന് ഇടയിലാണോ ചേന കാര്യം എന്നായിരുന്നു എം.എം ഹസൻ്റെ മറുപടി.
Also read: മുസ്ലിം ലീഗിനെയാരും എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ