തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ തുടങ്ങാനിരിക്കെ ബിജെപിയെയും എൽഡിഎഫിനെയും പ്രതിസന്ധിയിലാക്കി തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഇരുകൂട്ടർക്കും ഏഴ് നിയോജകമണ്ഡലങ്ങളിലും 2014 നേക്കാൾ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. നായർ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപി വ്യക്തമാക്കുമ്പോൾ ഇടത് വോട്ടുകൾ എവിടെ പോയി എന്ന് കണ്ടെത്തേണ്ട വലിയ ഉത്തരവാദിത്തത്തിലാണ് എൽഡിഎഫ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം വിജയപ്രതീക്ഷ ഏറ്റവുമധികം പുലർത്തിയ മണ്ഡലമാണ് തിരുവനന്തപുരം. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയമസഭാമണ്ഡലങ്ങളിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ ഉണ്ടാക്കാനാകുമെന്ന കണക്കുകൂട്ടൽ പൂർണമായും തെറ്റി. നേമത്ത് 2014ൽ ഒ രാജഗോപാൽ നേടിയ വോട്ടിനെക്കാൾ 7828 വോട്ട് മാത്രമാണ് ഇത്തവണത്തെ വർദ്ധനവുണ്ടായത്. ശബരിമല വിഷയം ശക്തമായ പ്രചാരണ വിഷയമാക്കിയപ്പോഴും ബിജെപി സ്വാധീന മണ്ഡലത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. വട്ടിയൂർക്കാവിൽ 7120 വോട്ടിന്‍റെയും തിരുവനന്തപുരത്ത് 2042 വോട്ടിന്‍റെയും വർദ്ധനവ് മാത്രമാണുണ്ടായത് എന്നതും ബിജെപി കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നു.
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം പാറശ്ശാല, നെയ്യാറ്റിൻകര, കോവളം എന്നിവിടങ്ങളിൽ രണ്ടാമത് എത്തിയെങ്കിലും ആശ്വസിക്കാനുള്ള വക പോലുമില്ല. പാറശ്ശാലയിൽ 2014 ൽ ഡോക്ടർ ബെന്നറ്റ് എബ്രഹാം നേടിയ 47953 വോട്ടിനെക്കാൾ കേവലം 11 വോട്ട് മാത്രമാണ് സി ദിവാകരന് കൂടുതൽ ലഭിച്ചത്. കോവളത്ത് 68 വോട്ടും നെയ്യാറ്റിൻകരയിൽ 1881വോട്ടും കൂടുതൽ കിട്ടി. 2014 ൽ കെട്ടി ഇറക്കിയ സ്ഥാനാർഥിയെന്നും പെയ്മെന്‍റ് സീറ്റ് എന്നും പേരുദോഷം കേട്ട മണ്ഡലത്തിൽ സി ദിവാകരനെ പോലെ ശക്തനും സുപരിചിതനുമായ സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് വർദ്ധനവാണിത്. അതുകൊണ്ടുതന്നെ അവലോകന യോഗങ്ങളിൽ എൽഡിഎഫ് വോട്ടുകൾ എവിടെ പോയെന്ന് കണ്ടെത്താനും അത് അണികളെ ബോധ്യപ്പെടുത്താനും എൽഡിഎഫ് നന്നേ കഷ്ടപ്പെടേണ്ടിവരും.