തിരുവനന്തപുരം: കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, കോവളം, തിരുവനന്തപുരം എന്നി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായാണ് തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകൾ. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാകണമെന്ന ആവശ്യം ഈ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർമാര്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വിളപ്പിൽശാലയിലെ സംസ്കരണ പ്ലാന്‍റ് അടച്ചുപൂട്ടിയതോടെ നഗരത്തിൽ കുന്നുകൂടിയ മാലിന്യപ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. എൻജിഒകളുടെയും വിവിധ ഏജൻസികളുടെയും സഹകരണത്തോടെ ഉറവിട മാലിന്യ സംസ്കരണം നടക്കുന്നുണ്ടെങ്കിലും ഇടവഴികളിലും ജലസ്രോതസുകളിലും അടിഞ്ഞുകൂടിയതും ഇപ്പോഴും തള്ളുന്നതുമായ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
ആമയിഴഞ്ചാൻ തോട് അടക്കമുള്ള പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ അവസ്ഥ പരിപാതകരമാണ്. വിവാഹ പാർട്ടികളുടെ മാലിന്യവും ഹോട്ടൽ മാലിന്യങ്ങളും നീക്കം ചെയ്യാൻ കരാറെടുക്കുന്നവരും പതിവുപോലെ ഇവ ശേഖരിച്ച് വഴികളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും തള്ളും.
ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുക എന്ന ആശയം മികച്ചതാണെങ്കിലും നഗരത്തിൽ എല്ലായിടത്തും ഇത് ഒരുപോലെ പ്രായോഗികമല്ല. ഈ പശ്ചാത്തലത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം കൂടി വേണമെന്ന നിർദ്ദേശമാണ് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ മുന്നോട്ടു വയ്ക്കുന്നത്. പരിഹാര നിർദ്ദേശങ്ങൾ പലതും ഉയരുന്നുണ്ടെങ്കിലും ഉപയോഗിച്ച ശേഷമുള്ള സാനിറ്ററി നാപ്‌കിൻ അടക്കമുള്ള മാലിന്യങ്ങൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് തിരുവനന്തപുരം നഗരവാസികൾ.