തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ നമുക്ക് കിങ് മേക്കര്‍ എന്ന് വിശേഷിപ്പിക്കാം. കാരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഏത് മുന്നണിക്കാണോ ജില്ലയില്‍ ഭൂരിപക്ഷം കിട്ടിയത് അവരാണ് സംസ്ഥാനം ഭരിച്ചത്. 1987 മുതലാണ് ഈ കൗതുക ചരിത്രം ആരംഭിക്കുന്നത്. ശേഷം യുഡിഎഫ് നാല് തവണ അധികാരത്തിലെത്തിയപ്പോഴും എല്‍ഡിഎഫ് മൂന്ന് തവണ അധികാരത്തിലെത്തിയപ്പോഴും ഭരണകക്ഷിക്കൊപ്പമായിരുന്നു തലസ്ഥാന ജില്ല. പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികൾക്കൊപ്പം എൻഡിഎയും ശക്തമായ പ്രചാരണവുമായി തലസ്ഥാനത്തുണ്ട്. ബിജെപിക്ക് കേരള നിയമസഭയില്‍ ആദ്യ അംഗത്തെ നല്‍കിയ ജില്ലയാണ് തിരുവനന്തപുരം. കരുത്തരായ സ്ഥാനാര്‍ഥികളെയാണ് എല്ലാ മുന്നണികളും ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഭരണ നേട്ടങ്ങളുമാണ് എല്‍ഡിഎഫിന് ആശ്വാസം നല്‍കുന്ന ഘടകം. സർക്കാരിന് എതിരായി നടന്ന സമരങ്ങളുടെ കേന്ദ്രം എന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ മികച്ച മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തീരദേശ മേഖല കൂടി ഉൾപ്പെടുന്ന തിരുവനന്തപുരത്താണ് നിയമന വിവാദം, ആഴക്കടല്‍ വിവാദം, സ്വർണക്കടത്ത്, ശബരിമല വിവാദം എന്നിവ ഏറ്റവുമധികം ചർച്ചയായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ജയിച്ചു കയറിയ നേമത്തിന് പുറമെ, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും ബിജെപി പ്രതീക്ഷ വയ്ക്കുന്നു.
കഴക്കൂട്ടം വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ. 2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായിരുന്നു ജില്ലയില്‍ മുൻതൂക്കം. ആകെയുള്ള 14 മണ്ഡലങ്ങളില്‍ ഒമ്പത് ഇടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് ജയിച്ചുവന്നത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവ് കൂടി പിടിച്ചെടുത്തതോടെ എല്‍ഡിഎഫ് എംഎല്‍എമാരുടെ എണ്ണം പത്തായി. അരുവിക്കര, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യുഡിഎഫ് എംഎല്‍എമാരുള്ളത്. നേമം മണ്ഡലം പിടിച്ചെടുത്താണ് ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമായിരുന്നു തിരുവനന്തപുരത്ത്. 100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 51 വാര്‍ഡിലും ജയിച്ച എല്‍ഡിഎഫാണ് ഭരണത്തില്‍. വാര്‍ഡ് തലത്തില്‍ എൻഡിഎ ആണ് രണ്ടാമത്. 34 വാര്‍ഡുകള്‍ ബിജെപി സഖ്യത്തിനൊപ്പമാണ്. പത്ത് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ അഞ്ചിടങ്ങളില്‍ മറ്റുള്ളവരും ജയിച്ചു. 26 സീറ്റുള്ള ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് ആണ് അധികാരത്തില്‍ 20 സീറ്റ് ഇടതുസ്ഥാനാര്‍ഥികള്‍ സ്വന്തമാക്കിയപ്പോള്‍ ആറിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഇടതുതരംഗമായിരുന്നു. പത്തിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് അധികാരത്തില്‍. ആകെയുള്ള നാല് മുനിസിപ്പാലിറ്റികളും ഇടതുപക്ഷമാണ് ഭരിക്കുന്നത്. 73 പഞ്ചായത്തുകളുള്ള ജില്ലയില്‍ 51 ഇടത്ത് എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ 18 ഇടത്ത് യുഡിഎഫും നാല് പഞ്ചായത്തില്‍ എൻഡിഎയും അധികാരത്തിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ലഭിച്ച വോട്ടെണ്ണം നിയമസഭാ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 നിയമസഭാ മണ്ഡലത്തില്‍ 12 എണ്ണവും എല്‍ഡിഎഫിനൊപ്പമാണ്. നിലവില്‍ യുഡിഎഫ് എംഎല്‍എമാരുള്ള അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് ലീഡ്. അതേസമയം നേമത്ത് എൻഡിഎ തദ്ദേശ തെരഞ്ഞെടുപ്പിലും കരുത്ത് കാട്ടി.
നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന് ഇത്തവണ സ്റ്റാർ പരിവേഷമാണ്. സ്ഥാനാർഥി നിർണയം മുതല്‍ സസ്‌പെൻസ് നിറച്ചാണ് ഇരു മണ്ഡലങ്ങളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേമത്തെ സിറ്റിങ് എംഎല്‍എ ഒ. രാജഗോപാലിന് പകരം കുമ്മനം രാജശേഖരനാണ് മത്സരാര്‍ഥി. എട്ട് സിറ്റിങ് എംഎല്‍എമാരെ എല്‍ഡിഎഫ് ഇത്തവണയും മത്സരിപ്പിക്കുന്നുണ്ട്. മറുവശത്ത് കഴിഞ്ഞ തവണ ജയിച്ച എംഎല്‍എമാരെ തന്നെയാണ് യുഡിഎഫും കളത്തിലിറക്കിയത്. എന്തായാലും ആരോപണ പ്രത്യാരോപണങ്ങളുമായി പ്രചാരണം കൊഴുക്കുമ്പോൾ മൂന്ന് മുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.