തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ് നിരോധനം ഇന്നലെ(ജൂണ്‍ 9) അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസത്തേക്കാണ് ട്രോളിങ് ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.
നിരോധന കാലയളവില്‍ കടം വാങ്ങിയും പണം പലിശയ്‌ക്കെടുത്തും ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കാത്തതും ഇവരെ ആശങ്കയിലാക്കുന്നു. മറ്റ് തൊഴിലുകള്‍ അറിയാത്ത ഇവര്‍ക്ക് മത്സ്യ ബന്ധനമാണ് ഏക ഉപജീവനമാര്‍ഗം.
പ്രചനന സമയത്ത് അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനാണ് നിരോധനം. ഈ കാലയളവില്‍ കടലിൽ, സംസ്ഥാന തീരസംരക്ഷണ സേനയുടെയും, ഫിഷറീസിന്‍റെയും, മറൈൻ എൻഫോഴ്‌സ്‌മെന്‍റിന്‍റെയും നിരീക്ഷണം ഉണ്ടാകും. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
അതേസമയം പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ട്രോളിങ് നിരോധനം ബാധകമല്ല. ഇവയുടെ സുരക്ഷയ്‌ക്കായി സീറെസ്‌ക സ്‌ക്വാഡിനെയും ലൈഫ് ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
നിരോധനം ഇങ്ങനെ: ട്രോളിങ് നിരോധനം ഇന്നലെ അർധരാത്രി നിലവിൽ വന്നതോടെ യന്ത്രവത്‌കൃത ബോട്ടുകൾ തീരത്ത് നങ്കൂരമിട്ടു. ശക്തികുളങ്ങര മുതൽ തോപ്പിൽകട വരെ അഷ്‌ടമുടിക്കായലിന്‍റെ തീരങ്ങളിൽ ബോട്ടുകൾ അടുപ്പിച്ചു. ബോട്ടുകൾ കടലിൽ പോകാതിരിക്കാൻ രാത്രി 12 മണിയോടെ നീണ്ടകര പാലത്തിന് സമാന്തരമായി ചങ്ങല കെട്ടി.
നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രിയാണ് ഇനി ചങ്ങല അഴിക്കുക. ജില്ലയിൽ 750-ഓളം യാനങ്ങളാണ് നിരോധനത്തിന്‍റെ ഭാഗമായി തീരത്ത് അടുപ്പിച്ചത്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. 52 ദിവസമാണ് ബോട്ടുകൾക്ക് നിരോധനം.
കടലിൽ 12 നോട്ടിക്കൽ മൈൽ വരെയാണ് നിരോധനമുളളത്. ഈ പരിധിക്ക് പുറത്ത് കേന്ദ്രസർക്കാറിന്‍റെ ട്രോളിങ് നിരോധനം നിലവിലുണ്ട്. ശക്തികുളങ്ങരയിലും, തങ്കശേരിയിലും, അഴീക്കലുമാണ് നിരോധനം ബാധകമായ ബോട്ടുകളുള്ളത്.
നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മറൈൻ എൻഫോഴ്‌സ്‌മെന്‍റും കോസ്റ്റൽ പൊലീസും കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. നീണ്ടകര അഴീക്കലും, തങ്കശേരിയിലും കൺട്രോൾ റൂമുകൾ തുറന്നു. ഈ വർഷം കാലവർഷം ശക്തമാകുമെന്നുള്ള മുന്നറിയിപ്പുള്ളതിനാൽ ജീവൻ രക്ഷാ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ച് ബോട്ടുകൾ കടലിൽ പോയാൽ രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തും.