തിരുവനന്തപുരം: 2019 ൽ റോഡപകടങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ. 2019 ൽ 41253 റോഡപകടങ്ങളിലായി 4408 പേർ മരിച്ചതായും മന്ത്രി അറിയിച്ചു. ഇതിൽ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണം ട്രാഫിക്ക് നിയമം പാലിക്കാത്തതും ഡ്രൈവർമാരുടെ അശ്രദ്ധയുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യു. പ്രതിഭ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗതാഗത മന്ത്രി. 2018 നേക്കാൾ 2019 ൽ റോഡപകടങ്ങളും തുടർന്നുള്ള മരണങ്ങളും വർധിച്ചെന്ന് മന്ത്രി നിയമസഭയിൽ മറുപടി നൽകി. 2018 ൽ 40,999 റോഡപകടങ്ങൾ ഉണ്ടായി. ഇതിൽ 4333 പേർക്ക് ജീവൻ നഷ്ടമായി. 2019 ൽ ഇത് വർധിക്കുകയും 41253 അപകടങ്ങളിൽ നിന്ന് 4408 പേർ മരിച്ചെന്നും മന്ത്രി പറഞ്ഞു.
2019 ൽ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ 2,76,584 കേസുകൾ രജിസ്റ്റർ ചെയ്തെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. 33,80,72,125 രൂപ പിഴ ഈടാക്കി. വിവിധ ഗതാഗത നിയമ ലംഘനങ്ങളിൽപ്പെട്ട 28,020 പേരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തെന്നും മന്ത്രി അറിയിച്ചു. ഹെൽമറ്റ് ധരിക്കാത്തത് ഉൾപ്പടെയുള്ള നിയമ ലംഘനങ്ങൾക്ക് 2019 ഡിസംബർ മുതൽ പിഴ ഈടാക്കിയ ഇനത്തിൽ 13,53,38,348 രൂപ ലഭിച്ചു. കൂടുതൽ പിഴ ലഭിച്ചത് തൃശൂർ ജില്ലക്കാണ്. 3,66,79,693 രൂപ തൃശൂരില്‍ നിന്നും പിഴ ഇനത്തിൽ ലഭിച്ചു. തിരുവനന്തപുരത്ത് 3,22,98,330 രൂപയും കോഴിക്കോട് 1,52,28,615 രൂപയും ഈ ഇനത്തിൽ ലഭിച്ചെന്നും മന്ത്രി രേഖാമൂലം അറിയിച്ചു. നിയമ ലംഘനങ്ങളുടെ പേരിൽ 14602 വാഹനങ്ങൾ പരിശോധിച്ച് 5,13,94,000 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.