തിരുവനന്തപുരം: പാറശ്ശാല നിയോജക മണ്ഡലത്തിലെ മലയോര ഹൈവേയെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന അമരവിള-കാരക്കോണം റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് 'എയ്തുകൊണ്ടാന്‍കാണി' റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണിയാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി ഡോ.എ.സമ്പത്തും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തി.
പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ നിന്നും 30കോടിരൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കിയ അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചല്‍ക്കടവ് പാലം പണിയുന്നതിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭ്യമാക്കുന്നതിന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായും ഇരുവരും ചർച്ച നടത്തി. പദ്ധതിക്ക് സംസ്ഥാന വനം-പരിസ്ഥിതി ബോർഡ് അംഗീകാരം നൽകി കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാരുടെ ഭാഗത്തുനിന്നും അനുഭാവപൂർവ്വമായ പ്രതികരണമാണ് ലഭ്യമായതെന്നും രണ്ട് പദ്ധതികൾക്കുമുള്ള അനുമതി വൈകാതെ ലഭ്യമാകുമെന്നും സി.കെ ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു.