തൃശൂർ/തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറി നൽകി. ചേറ്റുവ സ്വദേശി സഹദേവന്‍റെയും വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്‍റേയും മൃതദേഹങ്ങളാണ് മാറി നൽകിയത്. തെറ്റ് പറ്റിയത് അധികൃതർ അറിഞ്ഞപ്പോഴേക്കും സെബാസ്റ്റ്യന്‍റെ മൃതദേഹം ദഹിപ്പിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായ രണ്ട് ആരോഗ്യപ്രവർത്തകരെ സസ്പെൻഡ് ചെയ്‌തതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
വ്യാഴാഴ്ച്ച രാവിലെയാണ് സെബാസ്റ്റ്യനും(58) സഹദേവനും(89) കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ഉടൻ തന്നെ സഹദേവന്‍റെ ബന്ധുക്കൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കൊണ്ടുപോയി. ഉച്ചയോടെ സെബാസ്റ്റ്യന്‍റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് തെറ്റ് പറ്റിയത് അധികൃതർ അറിയുന്നത്.
ഇതോടെ ആശുപത്രി സുപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും സഹദേവന്‍റെ വീട്ടിലേക്ക് എത്തിയെങ്കിലും ചിതയ്ക്ക് തീ കൊളുത്തി പോയിരുന്നു. മൃതദേഹം മാറി പോയത് അറിഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പിന്നീട് ചിതാഭസ്‌മമെങ്കിലും വിട്ടു തരണം എന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സഹദേവന്‍റെ കുടുംബം ഇതിന് തയാറായതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.
ഒടുവിൽ വൈകുന്നേരത്തോടെ സെബാസ്റ്റ്യന്‍റെ ബന്ധുക്കൾ മൃതദേഹവും സഹദേവന്‍റെ ബന്ധുക്കൾ ചിതാഭസ്‌മവും പരസ്‌പരം കൈമാറി.
Also Read: കൊവിഡ് മൂന്നാം തരംഗം; മാർഗനിർദേശങ്ങളുമായി ഡോക്ടര്‍മാരുടെ സംഘടന