ന്യൂഡല്‍ഹി/തിരുവനന്തപുരം: മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നവർ ജിഹാദികളല്ലെന്നും ഫസാദികളാണെന്നും (രണ്ടും അറബി വാക്ക്: ജിഹാദ് - സമരം, ഫസാദ് - കുഴപ്പം) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'ജനങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടുന്നതുവരെ ജനങ്ങളെ ഭയപ്പെടുത്തുകയെന്നതാണ് തീവ്രവാദം കൊണ്ട് അർഥമാക്കുന്നത്. ഇതിനെ ന്യായീകരിക്കാന്‍ തീവ്രവാദികള്‍ മതത്തിന്‍റെ പേര് ഉപയോഗിക്കുന്നു. അത്തരം ആളുകള്‍ 'ഫസാദി'കളാണ്, 'ജിഹാദി'കളല്ല,' ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മദ്രസകളില്‍ ഇത്തരം കാര്യങ്ങള്‍ തെറ്റായി പഠിപ്പിക്കുന്നത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണർ ഇത് യുവാക്കളെ തെറ്റായി സ്വാധീനിക്കുന്നുണ്ടെന്നും പറഞ്ഞു. ആരെങ്കിലും ദൈവത്തെ നിഷേധിക്കുകയാണെങ്കില്‍, നിയമം കൈയിലെടുക്കാനും അവരെ കൊല്ലാനും അവകാശമുണ്ടെന്നാണ് മദ്രസകളിലെ സിലബസുകള്‍ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ദയൂബന്ദിലേക്ക് കത്തയച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം, അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തില്‍ താലിബാനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. താലിബാൻ അഫ്‌ഗാനിസ്ഥാന്‍റെ സ്വാതന്ത്ര്യം പിടിച്ചെടുക്കുകയാണ് ചെയ്‌തതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Also read: തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ