തിരുവനന്തപുരം : നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. കെ മുരളീധരൻ എം പി, മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമർശത്തിനെതിരെ ഭരണപക്ഷം പ്രമേയം പാസാക്കിയതോടെ യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം ഉണ്ടാക്കുകയും തുടർന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു.
എൽഡിഎഫ് കൗൺസിലർ ഡി ആർ അനിലാണ് പ്രമേയം അവതരിപ്പിച്ചത്. മുരളീധരനെ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്ന് ഭരണകക്ഷി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഇതോടെ യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു.
READ MORE: ആര്യയ്‌ക്കെതിരെ അധിക്ഷേപ പരാമർശം : കെ മുരളീധരനെതിരെ കേസ്
ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മേയർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കെ മുരളീധരനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.