തിരുവനന്തപുരം: വിഷു, റംസാൻ, വേനലവധിക്കാലങ്ങൾ ലോക്ക് ഡൗണിൽ കുരുങ്ങിയതോടെ കോടികളുടെ നഷ്ടവുമായി സംസ്ഥാനത്തെ തിയറ്ററുകൾ. ഒരു വർഷത്തെ കളക്ഷന്റെ 40 ശതമാനവും ലഭിക്കുന്ന ഉത്സവകാലമാണ് കൊവിഡ് തകർത്തത്. എ ക്ലാസ് തിയറ്ററുകൾക്ക് മാത്രം ഇക്കാലത്ത് ഉണ്ടാകേണ്ടിയിരുന്ന ഗ്രോസ് കളക്ഷൻ 900 കോടിയോളം രൂപയാണ്. മാർച്ച് 26 മുതൽ ജൂൺ 10 വരെയാണ് സിനിമാ തിയറ്ററുകൾക്ക് പൂരക്കാലം. ഇത്തവണ കൊവിഡ് വില്ലനായെത്തിയതോടെ മാർച്ച് പകുതിക്ക് തിയറ്ററുകൾ അടച്ചിട്ടു. തിയറ്റര്‍ അടച്ചിട്ടാലും ചിലവുകളിൽ കാര്യമായ മാറ്റം വരുന്നില്ല.
ഇടയ്ക്കിടെ എസിയുടെയും പ്രൊജക്റ്ററിന്‍റെയും പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. വൈദ്യുത ചാർജ് അടയ്ക്കുന്നതിനും മുടക്കമില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലും തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ സർക്കാർ കാര്യമായ നികുതിയിളവുകളും മറ്റും നൽകേണ്ടി വരുമെന്നാണ് തിയറ്ററുടമകൾ ചൂണ്ടിക്കാട്ടുന്നത്. ചിത്രീകരണം മുടങ്ങിയതിനാൽ വിവിധ ഭാഷകളിലെ നിരവധി വൻകിട ചിത്രങ്ങളുടെ റിലീസ് വൈകും. ലോക്ക് ഡൗൺ കഴിഞ്ഞാലും കൊവിഡ് ഭയന്ന് തിയറ്ററിൽ ആളെത്തുമെന്ന ഉറപ്പുമില്ല.