തിരുവനന്തപുരം : യുഎഇ കോണ്‍സലേറ്റ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയായിരിക്കെ സര്‍ക്കാര്‍ നല്‍കിയ ശമ്പളം തിരികെ നല്‍കാനാകില്ലെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്(പിഡബ്ല്യുസി). ഇക്കാര്യം ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിന് (കെഎസ്ഐടിഐഎൽ) പിഡബ്ല്യുസി കത്തുനല്‍കി. കെഎസ്ഐടിഐഎല്ലിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത് പിഡബ്ല്യുസിയായിരുന്നു.
എന്നാല്‍ സ്വപ്‌ന സ്വര്‍ണക്കടത്തുകേസില്‍ പ്രതിയാകുകയും, വേണ്ടത്ര യോഗ്യതയില്ലാതെയാണ് അവരെ നിയമിച്ചതെന്ന് കണ്ടെത്തുകയും ചെയ്‌തതോടെയാണ് സ്വപ്‌നയ്ക്ക് ശമ്പള ഇനത്തില്‍ നല്‍കിയ ജി.എസ്.ടി ഒഴിച്ചുള്ള 16,15,873 രൂപ തിരിച്ചുപിടിച്ച് നല്‍കണമെന്ന് കെഎസ്ഐടിഐഎല്‍ പിഡബ്ല്യുസിക്ക് കത്തുനല്‍കിയത്. സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ ജോലിക്കായി ശിപാര്‍ശ നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ആയിരുന്നുവെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.