തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്ത വിവാദത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിയത് ദുരൂഹമാണെന്നും ഫയലിന് തീവെച്ചതാണെന്നുമായിരുന്നു കത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഗവര്‍ണറെ നേരിട്ട് സന്ദര്‍ശിച്ചാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്. പ്രശ്‌നത്തില്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടലും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ കത്ത് മുഖ്യമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത്.
ഫാനിലുണ്ടായ ഷോർട് സർക്യൂട്ടാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേന അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് അഗ്നിശമന സേനയുടെ നിഗമനം. ഇവ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസിന്‍റെയും നിഗമനം.