തിരുവനന്തപുരം: ബാലാഭാസ്‌കറിന്‍റെ അപകട മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസും ഉള്‍പ്പെടുത്തുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍. കേസില്‍ ബാലഭാസ്‌കറിന്‍റെ ഡ്രൈവര്‍ അര്‍ജുന്‍ കെ.നാരായണനെ മാത്രമാണ് സി.ബി.ഐ ഇപ്പോള്‍ പ്രതിയാക്കിയിട്ടുള്ളത്. എന്നാല്‍ അപകട സമയത്ത് സരിത്തിനെ സമീപത്തു വച്ചു കണ്ടുവെന്ന കലാഭവന്‍ സോബി ജോര്‍ജിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ സരിതിന്‍റെ മൊഴി രേഖപ്പെടുത്തുന്ന കാര്യം സി.ബി.ഐ പരിഗണിക്കും. സോബിയുടെയും മൊഴി സി.ബി.ഐ രേഖപ്പെടുത്തും.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് സംബന്ധിച്ച് ഡി.ആര്‍.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാലാഭാസ്‌കറിന്‍റെ മാനേജര്‍ പ്രകാശന്‍ തമ്പി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കേസുമായുള്ള ബന്ധവും സി.ബി.ഐ പരിശോധിക്കും. ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ നിന്ന് സി.ബി.ഐ ഫയലുകള്‍ ഏറ്റെടുത്തു. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 279, 337, 338, 304 എ വകുപ്പുകളാണ് ബാലഭാസ്‌കറിന്‍റെ ഡ്രൈവര്‍ അര്‍ജുന്‍ കെ.നാരായണനെതിരെ സി.ബി.ഐ ചുമത്തിയിട്ടുള്ളത്. സംഭവ സമയത്ത് അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നാണ് അര്‍ജുന്‍റെ വാദം. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാര്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല.
2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ 4.15ന് ദേശീയ പാത 66ല്‍ തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപത്തു വച്ചാണ് ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഒന്നരവയസുള്ള മകള്‍ തേജസ്വിനി ബാല എന്നിവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടത്. മകള്‍ സംഭവ സ്ഥലത്തു വച്ചും ബാലഭാസ്‌കര്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. കേസന്വേഷണം സി.ബി.ഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഏഴു മാസത്തിനു ശേഷമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.