തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കുന്നത് കേരള സമൂഹത്തിന് യോജിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളോട് ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മേശം പെരുമാറ്റം സംസ്ഥാനത്തിന്‍റെ യശസ്സിനെ ദോഷകരമായി ബാധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്‍റെ സുക്ഷയ്ക്കാണ് പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. അത് സമൂഹം കാണണം. തൊഴില്‍ നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്നാണ് പലരും വരുന്നത്. അവര്‍ക്ക് മാനസിക പിന്തുണ നല്‍കണം. കൊവിഡ് രോഗത്തിനെതിരായ ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണ്. ഈ രോഗം ആര്‍ക്കും വരാം. രോഗിയല്ല രോഗമാണ് ശത്രു എന്നത് മറന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ സ്വീകരിക്കണം. ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതാണ് നാടിന്‍റെ ഉത്തരവാദിത്വം. അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യന് ചേരുന്നതല്ല. ചിലര്‍ക്ക് രോഗബാധയുണ്ടാകാം. അത് പകരാതിരിക്കാനാണ് ശ്രദ്ധവേണ്ടത്. പ്രവാസികള്‍ ക്വാറന്‍റൈന്‍ ലംഘിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് കോട്ടയത്ത് നിരീക്ഷണം പൂര്‍ത്തിയാക്കിയ ബെംഗളൂരുവില്‍ നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകയായ യുവതിയും രണ്ട് മക്കളും വീട്ടില്‍ കയറാനാവാതെ എട്ട് മണിക്കൂര്‍ അലഞ്ഞു. ഇത്തരം അനുഭവങ്ങള്‍ എവിടെയാണ് എത്തിക്കുന്നത്. മനുഷ്യത്വം എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. രോഗബാധിതരെ പോലും മാറ്റി നിര്‍ത്തുകയല്ല. ശാരീരിക അകലം പാലിച്ച് പരിചരിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാമൂഹിക അകലം പാലിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ആയിരകണക്കിന് പേര്‍ അങ്ങനെ കഴിയുന്നു. ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങള്‍ സമൂഹത്തിന്‍റെ പൊതുവായ നിലയ്ക്ക് യോജിച്ചതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.