തിരുവനന്തപുരം : ജാമ്യ ഉപാധികൾ ലംഘിച്ചതിന് പോക്സോ കേസിലെ രണ്ട് പ്രതികളുടെ ജാമ്യം തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി റദ്ദാക്കി. തിരുമല തട്ടാംവിള ലെയിനിൽ അലി അക്ബർ, ബീമാപ്പള്ളി ജവഹർ ജംങ്‌ഷനിൽ മൈയ്‌തീൻ അടിമ എന്നിവരുടെ ജാമ്യമാണ് ജഡ്‌ജി ആജ് സുദർശൻ റദ്ദാക്കിയത്.
പോക്സോ കേസിലെ പ്രതികളായ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചപ്പോൾ മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന് ഉപാധിയുണ്ടായിരുന്നു. എന്നാൽ അലി അക്ബർ അടിപിടി കേസിലും മൈയ്‌തീൻ അടിമ മയക്കുമരുന്ന് വിൽപന കേസിലും പ്രതികളായി. തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി അനുവദിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തമ്പാനൂർ പൊലീസെടുത്ത കേസിൽ പ്രതിയായ അലി അക്ബർ കരമന സ്റ്റേഷൻ പരിധിയിൽ നടന്ന അടിപിടി കേസിലാണ് പ്രതിയായത്. മൈയ്‌തീൻ അടിമ ആൺകുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിൽ പ്രതിയായിരിക്കെയാണ് ഇതേ സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലും പ്രതിയായത്.