തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഉത്സവത്തിന്‍റെ ഭാഗമായി വകുപ്പുകൾ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി നിർദേശം നൽകി. പൂർണമായും ഹരിത ചട്ടം പാലിക്കണമെന്നും പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കാനുള്ള ബോധവല്‍കരണം നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മാർച്ച് ഒമ്പതിനാണ് ചരിത്രപ്രസിദ്ധമായ പൊങ്കാല. തിരുവനന്തപുരം നഗരസഭയിലെ 31 വാർഡുകളാണ് ഉത്സവമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മേയർ കെ.ശ്രീകുമാർ യോഗത്തിൽ വ്യക്തമാക്കി. പൊങ്കാലയോടനുബന്ധിച്ച് 25 ടാങ്കുകൾ കുടിവെള്ള വിതരണത്തിനായി സ്ഥാപിക്കും. 21 റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയായി. കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ 14 സ്‌ക്വാഡുകളെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. കടുത്ത ചൂട് കണക്കിലെടുത്ത് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ.രാജഗോപൽ എംഎല്‍എ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.