തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഒരു ബാറിനും അനുമതി നല്‍കിയില്ല. നേരത്തെ അനുവദിച്ച ആറ് ബാറുകളുടെ നടപടിക്രമങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇതുസംബന്ധിച്ച് നടക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. പുതിയ ബാറുകളുടെ നടപടിക്രമം പൂര്‍ത്തിയായ ശേഷം ആദ്യമായാണ് മന്ത്രി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്ത് അടച്ച മദ്യശാലകള്‍ തുറക്കുന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശം പരിഗണിച്ച് മാത്രമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ആദ്യപരിഗണന നല്‍കുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പനയിലെ സര്‍ക്കാര്‍ നിലപാടും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ മദ്യവില്‍പനയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും നിലവില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്കായി വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷേമപെന്‍ഷനുകള്‍ കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. 70 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെട്ടു. എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപ വച്ച് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്ഷേമനിധികളില്‍ അംഗമല്ലാത്തവര്‍ക്കും സഹായമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്. മുത്തൂറ്റിലടക്കമുള്ള തൊഴില്‍ സമരങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവെച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മന്ത്രി ടി.പി രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.