തിരുവനന്തപുരം: ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി ഇന്ത്യയിലെ (എച്ച്.ആർ.ഡി.എസ്) നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. ജോലിയിൽ പ്രവേശിച്ച ഉടൻ തന്നെ നിയമനം റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നിൽ എം ശിവശങ്കർ ആണെന്ന കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.
ശിവശങ്കർ ആദ്യം പുസ്‌തകമെഴുതി ദ്രോഹിച്ചു. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുകയാണ് ശിവശങ്കറെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.
'മാധ്യമങ്ങളെ കാണുന്നത് പവിത്രത ചമയാനല്ല'
തനിക്ക് ബിജെപിയുമായോ ആർഎസ്എസുമായോ ഒരു ബന്ധവുമില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റി അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പവിത്രത ചമയാനല്ല. കുടുംബത്തെ നോക്കാൻ ഒരു ജോലി അത്യാവശ്യമാണ്.
കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളിൽ ഭയന്ന് പിന്നോട്ടില്ല. മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും സ്വപ്‌ന പറഞ്ഞു.
എച്ച്ആർഡിഎസ് ഡയറക്ടറായുള്ള സ്വപ്‌നയുടെ നിയമനം നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ ഇതിൽ പങ്കില്ലെന്നും എച്ച്ആർഡിഎസ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞിരുന്നു. നിയമനം ബോർഡ് റദ്ദാക്കുകയാണെന്നും ശമ്പളം നൽകിയാൽ അത് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌ന സുരേഷിൻ്റെ പ്രതികരണം.
READ MORE: സ്വപ്‌ന സുരേഷിന്‍റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്‌ടർ