തിരുവനന്തപുരം : പ്രധാനമന്ത്രിക്കെതിരായ വാചകങ്ങൾ എഴുതിയ കാർ ദുരൂഹ സാഹചര്യത്തിൽ തലസ്ഥാനത്ത്. പട്ടത്തെ സ്വകാര്യ ഹോട്ടലിൽ ഇതര സംസ്ഥാനക്കാരൻ ഉപേക്ഷിച്ച നിലയിൽ കണ്ട വാഹനം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. യുപി സ്വദേശി രമൺജീത് സിംഗിൻ്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കാറാണിതെന്ന് പൊലീസ് കണ്ടെത്തി.
വാഹനം ഓടിച്ച് വന്നയാളുടെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു. കർഷക സമരത്തിൽ 750 പേരെ നരേന്ദ്രമോദി കൊലപ്പെടുത്തിയെന്ന് കാറിൽ എഴുതിയിട്ടുണ്ട്. മോദി മാന്യനല്ലെന്നും ആർഎസ്എസ് തീവ്രവാദി സംഘമാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖിംപൂരിൽ നാലുപേരെ കൊലപ്പെടുത്തിയെന്നും കാറിൽ എഴുതിയിട്ടുണ്ട്.
ALSO READ:ബിജെപിയെ ഉന്നംവച്ച് 'അനോക്രസി' ; പരിചയപ്പെടുത്തി ശശി തരൂര്‍
അമിത വേഗതയിലാണ് കാർ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റിയത്. കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ഇയാളുടെ പെരുമാറ്റം അസാധാരണമായി തോന്നിയതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തു. പിന്നീട് ബാറിലേക്ക് കയറിയ ഇയാൾ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ നൽകിയില്ല. ഇതോടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഇയാൾ ബഹളംവച്ചു. സുരക്ഷാ ജീവനക്കാർ പോലീസിനെ വിളിച്ചതോടെ കാർ ഉപേക്ഷിച്ച് ഇയാൾ ഓട്ടോയിൽ കടന്നു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാറിനുള്ളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തി.