തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച കൊവിഡ് നിയന്ത്രണത്തിനായി പ്രഖ്യാപിച്ചിട്ടുളള രാത്രി കര്‍ഫ്യുവും വാരാന്ത്യ നിയന്ത്രണവും തുടരും. ഞായറാഴ്‌ചകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി 10 മുതല്‍ രാവിലെ ഏഴ് വരെയാണ് രാത്രി കര്‍ഫ്യു. രോഗ വ്യാപനത്തില്‍ വലിയ കുറവുണ്ടാകാത്തതു കൊണ്ടാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ അവലോകന യോഗം തീരുമാനിച്ചത്.
സര്‍ക്കാര്‍ വിളിച്ച ആരോഗ്യ മേഖലയിലെ വിദഗ്‌ധരുടെ യോഗത്തില്‍ രാത്രി കര്‍ഫ്യുവും ഞായറാഴ്‌ചത്തെ നിയന്ത്രണവും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഈ നിര്‍ദ്ദേശം ചൊവ്വാഴ്‌ച ചേരുന്ന അവലോകന യോഗം പ്രത്യേകമായി പരിശോധിക്കും. ഇതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡിനൊപ്പം ജീവിക്കാന്‍ തായാറെടുക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ ആവശ്യമാണ്. വാക്‌സിന്‍ എടുത്താലും കൊവിഡ് നമ്മോടൊപ്പം തന്നെ കാണുമെന്നാണ് അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും കൊവിഡ് മുന്‍കരുതല്‍ തുടരണം. ഇത് ശീലമാക്കി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
READ MORE: കൊവിഡ് പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടം: 'ബി ദ വാരിയര്‍'