തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്‍റെ സുരക്ഷാ ചുമതലയിൽ നിന്നും കേരള പൊലീസിനെ മാറ്റി. സംസ്ഥാന വ്യവസായ സുരക്ഷാ സേന (എസ്‌ഐഎസ്‌എഫ്) ആയിരിക്കും ഇനി ഭരണസിരാ കേന്ദ്രത്തിന് സംരക്ഷണമൊരുക്കുക. സെക്രട്ടേറിയറ്റിന്‍റെ പുറത്തെ സുരക്ഷ സംബന്ധിച്ച ചുമതലയാണ് എസ്.ഐ.എസ്.എഫിന് കൈമാറിയിരിക്കുന്നത്. ഇതിനായി എസ്.ഐ.എസ്.എഫിലേക്ക് കൂടുതൽ പൊലീസുകാരെ നിയമിച്ചു. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. 81 പൊലീസുകാർക്കാണ് ഡെപ്യൂട്ടേഷനിൽ മാറ്റി നിയമനം നൽകിയിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് ഇവരുടെ നിയമനം. ഇതിൽ ഒമ്പത് പേർ വനിതാ ബറ്റാലിയൻ അംഗങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ സമരങ്ങളിൽ വൻ സുരക്ഷാ വീഴ്ച്ച റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിന്‍റെ നോർത്ത് ബ്ലോക്കിന് മുന്നിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഗേറ്റിലും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം കടന്നാണ് പ്രതിഷേധക്കാർ ക്ലിഫ് ഹൗസിലെ ഗേറ്റിന് മുന്നിൽ എത്തിയത്. ഇതേ തുടർന്നാണ് സുരക്ഷാ സംവിധാനം ശക്തമാക്കാൻ തീരുമാനിച്ചത്. ഡെപ്യൂട്ടേഷനിൽ നിയമിച്ച ഉദ്യോഗസ്ഥർക്കെല്ലാം നാളെ കമ്മിഷണർ ഓഫിസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.