തിരുവനന്തപുരം : കേന്ദ്ര സർക്കാർ കൊണ്ടുവന്ന വാഹനം പൊളിക്കൽ നയത്തിനെതിരെ സംസ്ഥാന സർക്കാർ. 15 വർഷം പൂർത്തിയായ സർക്കാർ വാഹനം പൊളിച്ചുനീക്കുന്നത് കേരളത്തിൽ പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ഇതുസംബന്ധിച്ച് കേരളം കേന്ദ്രത്തിന് നിവേദനം നൽകും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച പൊളിക്കൽ നയം.
വൻകിട കുത്തകകളെ കമ്പനികളെ സഹായിക്കുന്നതിന്‍റെ ഭാഗമായി എടുത്ത തീരുമാനമാണ് ഇതെന്നും ആന്‍റണി രാജു ആരോപിച്ചു.
READ MORE: പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം (scrappage policy) പ്രഖ്യാപിച്ച് പ്രധാന മന്ത്രി
20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ചെറുകിട വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള 34 ലക്ഷം ചെറുകിട വാഹനങ്ങളും രാജ്യത്തുണ്ട്. 15 വർഷം കഴിഞ്ഞ 15 ലക്ഷം വാണിജ്യ വാഹനങ്ങളും ഉൾപ്പെടുന്നു.
ഇവ മറ്റ് വാഹനങ്ങളെക്കാൾ പത്തിരട്ടി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. കേരളത്തിൽ 35 ലക്ഷത്തോളം പഴയ വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്.
സ്ക്രാപ്പേജ് നയം ഇക്കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ബജറ്റിലും പ്രഖ്യാപനം ഉണ്ടായിരുന്നു. ഗുജറാത്ത് ഓട്ടോമൊബൈൽസ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും പദ്ധതി അവതരിപ്പിച്ചത്.