തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് (17.02.2022) ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം ആലപ്പുഴ ജില്ല സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്‌സി ഓട്ടോ ചാർജ് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും.
വെള്ളിയാഴ്‌ച ബജറ്റ് സമ്മേളനം ആരംഭിക്കുന്നത് കൊണ്ട് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. ഓൺലൈൻ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്. ആലപ്പുഴ ജില്ല സമ്മേളനത്തിന്‍റെ സംഘടന റിപ്പോർട്ടിനുള്ള മറുപടിയിൽ ആഭ്യന്തര വകുപ്പിൻ്റെ വീഴച മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെയും മുഖ്യമന്ത്രി പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആരെയും ചാരി നിൽക്കരുത്. വിഭാഗീയത അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും. ചില സഖാക്കളെ കുറിച്ച് പറഞ്ഞ വിമർശനം സംബന്ധിച്ച്, അത് ശരിയാണോ എന്ന് അവർ സ്വയം പരിശോധിക്കണം. വിഭാഗീയതയിൽ കടുത്ത നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ ഓർമപ്പെടുത്തി.
READ MORE: ആലപ്പുഴയില്‍ സിപിഎം ജില്ലാസെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭ ജില്ല കമ്മിറ്റിയിലില്ല