തിരുവനന്തപുരം: കർശന ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെ പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനം. ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ ആരംഭിച്ചത്. സാനിറ്റൈസർ നൽകിയ ശേഷം തെർമൽ സ്ക്രീനിങിന് വിധേയരാക്കിയാണ് വിദ്യാർഥികളെ പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിപ്പിച്ചത്. നാളെ ഹയർ സെക്കന്‍ററി പരീക്ഷയും നടക്കും.
പതിമൂന്നര ലക്ഷം വിദ്യാർഥികളാണ് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റി വച്ച പരീക്ഷ എഴുതിയത്. 4,22, 250 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതി. 2945 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗേറ്റിനു സമീപം തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ശരീരോഷ്മാവിൽ വ്യത്യാസം പ്രകടപ്പിച്ചവരെ പ്രത്യേകമാണ് പരീക്ഷ എഴുതിച്ചത്.
ആരോഗ്യ വകുപ്പിന്‍റെയും പൊലീസിന്‍റെയും നിരീക്ഷണത്തിലാണ് പരീക്ഷ. സീറ്റുകൾ തമ്മിൽ ഒന്നര മീറ്റർ അകലം വേണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ 20 പേരെയാണ് ഒരു ഹാളിൽ ഇരുത്തിയത്. 603 കുട്ടികളാണ് തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്‍റ് സ്കൂളിൽ ഇന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. നാളെ നടക്കുന്ന ഹയർ സെക്കന്‍ററി പരീക്ഷയിലും ആരോഗ്യ സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.