തിരുവനന്തപുരം: ഫയർഫോഴ്‌സ് വാഹനങ്ങൾ പരേഡ് നടത്തിയതിനെ തുടർന്ന് തകര്‍ന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിന്‍റെ ട്രാക്ക് പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്പോർട്‌സ് കൗൺസിൽ രംഗത്ത്. ഇത് സംബന്ധിച്ച് ഫയർഫോഴ്‌സ് മേധാവിക്ക് കൗൺസിൽ പ്രസിഡന്‍റ് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടൻ കത്ത് നൽകി. ഫയർഫോഴ്‌സിനായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിനെ തുടര്‍ന്ന് നടത്തിയ പരേഡിലാണ് ട്രാക്ക് തകരാറിലായത്.
സ്പോർട്‌സ് കൗൺസിലിൻ്റെ നിർദേശം ലംഘിച്ചാണ് ഫയർഫോഴ്‌സ് സ്റ്റേഡിയത്തിൽ വാഹനങ്ങളുടെ പരേഡ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ചടങ്ങിന് സ്റ്റേഡിയം വിട്ടു നൽകാൻ ആദ്യം സ്പോർട്‌സ് കൗൺസിൽ വിസമ്മതിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടർന്ന് മൂന്ന് വാഹനങ്ങൾക്ക് മാത്രം അനുമതി നൽകി.
എന്നാൽ ഫ്ലാഗ് ഓഫ് കഴിഞ്ഞയുടൻ 61 വാഹനങ്ങളാണ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ച് ഫയർഫോഴ്‌സ് നിരനിരയായി ഓടിച്ചത്. ഇതോടെ മഴയിൽ കുതിർന്നു കിടന്നിരുന്ന സ്റ്റേഡിയം ചെളിക്കുളമായി. കൊച്ചുകുട്ടികൾ ഉൾപ്പെടെ കായിക പരിശീലനം നടന്നുന്ന മൈതാനമാണിത്. സ്റ്റേഡിയം ചെളിക്കുളമായതോടെ പരിശീലനം മുടങ്ങി. ഇതിന് പിന്നാലെയാണ് ട്രാക്ക് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് സ്പോർട്‌സ് കൗണ്‍സില്‍ ഫയര്‍ഫോഴ്‌സ് മേധാവിക്ക് കത്ത് നല്‍കിയത്.