തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ നേരിടുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണെന്നും ആരോപണങ്ങള്‍ അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. വിവാദമായ ഉദ്‌ഘാടന സമ്മേളനത്തില്‍ താൻ പങ്കെടുക്കാനുണ്ടായ കാരണവും അദ്ദേഹം വ്യക്തമാക്കി. ഏത് തരം അന്വേഷണവും നേരിടാൻ താന്‍ തയാറാണെന്നും കുറിപ്പില്‍ സ്‌പീക്കര്‍ പറയുന്നു.
ഏതെങ്കിലും തരത്തില്‍ സ്വപ്ന സുരേഷിനെ ഈ ചടങ്ങിന് മുന്‍പോ ശേഷമോ സഹായിക്കാനോ, പരിധിവിട്ട് ഇടപെടാനോ ഒരിക്കലും തയ്യാറായിട്ടില്ല എന്ന ഉത്തമബോധ്യം ഉള്ളതിനാല്‍ ഇക്കാര്യങ്ങളിലൊന്നും ഒരു ആശങ്കയും എനിക്ക് ഇല്ല. ഏത് തരത്തിലുള്ള അന്വേഷണം നേരിടുവാനും ഞാന്‍ സന്നദ്ധനുമാണ്. അതുകൊണ്ടുതന്നെയാണ് തുടക്കത്തില്‍തന്നെ സി.ബി.ഐ. ഉള്‍പ്പെടെ ആരും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. എല്ലാതരം രേഖകളും പരിശോധിക്കുന്നതിനും സന്തോഷമേ ഉള്ളൂ. പക്ഷേ, അപവാദത്തിന്റെ പുകമറയില്‍ നിര്‍ത്തി വ്യക്തിഹത്യനടത്തി ആഘോഷിക്കുന്നത് മനോവൈകൃതം ആണെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഒരു ആധുനിക സമൂഹത്തില്‍ ഇത്രയും നികൃഷ്ടമായ മനോഭാവത്തോടെയും മലിന ചിന്തയോടെയും പൊതുപ്രവര്‍ത്തകരായിട്ടുള്ളവര്‍ തന്നെ രംഗത്ത് വരുന്നത് എത്ര അപഹാസ്യവും സ്ത്രീ വിരുദ്ധവുമാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടെ. കുറ്റവാളി ആണായാലും പെണ്ണായാലും കുറ്റവാളിയായി കാണാനുള്ള ആരോഗ്യമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂവെന്നും സ്‌പീക്കര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.