തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്‌ണന്‍. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന പ്രതിപക്ഷ വിമർശനം നിർഭാഗ്യകരമാണെന്നും സ്പീക്കർ പറഞ്ഞു.
കിഫ്‌ബി, കിയാൽ ഓഡിറ്റിങ് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി വ്യക്തമായ മറുപടിയാണ് നൽകിയത്. ഓഡിറ്റിങ്ങിന് സി.എ.ജിക്ക് ചട്ടം 14 (1) പ്രകാരം സമ്പൂർണ അധികാരം ഉണ്ടെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയതാണെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച ആവശ്യം അടിയന്തര പ്രാധാന്യമുള്ളതാണെന്ന് ചെയറിനെ ബോധ്യപ്പെടുത്താൻ പ്രമേയ അവതാരകൻ ശ്രമിച്ചില്ല. അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിൽ ജനാധിപത്യവിരുദ്ധമായി ഒന്നുമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. അനിശ്ചിതമായും അനന്തമായും സഭാ നടപടികൾ നീണ്ടുപോകുമ്പോൾ ചെയർ ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്.
പ്രതിപക്ഷമോ ഭരണപക്ഷമോ സഭയിൽ എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് സ്പീക്കർ അല്ലെന്നും ചട്ടങ്ങൾ പാലിക്കണമെന്ന് മാത്രമേ ആവശ്യപ്പെടാറുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ചട്ടത്തിനു വിരുദ്ധമായ സംഭവമാണ് ഇന്ന് നടന്നതെങ്കിൽ പ്രതിപക്ഷത്തിന് അവകാശ ലംഘനത്തിന് നോട്ടീസ് നൽകാമെന്നും ആരുടെയും രാഷ്ട്രീയ ചട്ടുകമാകാൻ സഭയ്ക്ക് കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി.