തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയെ ശക്തമായി എതിർക്കുന്നുവെന്ന് ബദൽ സംവാദത്തിൽ ജോസഫ് സി മാത്യു. എതിർക്കുന്നവർക്ക് രാഷ്ട്രീയം ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മാത്രം വോട്ടുചെയ്യുന്നയാളാണ് താനെന്നും ജോസഫ് സി മാത്യു പറഞ്ഞു.
വിനാശകരമായ പദ്ധതിയാണിത്, വേഗത്തിൽ സഞ്ചരിക്കാൻ വേണ്ടി പരിസ്ഥിതിക്ക് നാശം വരുത്തുന്ന പദ്ധതി നടപ്പാക്കാൻ പാടില്ല. സിൽവർലൈൻ ഒരു പൊതുഗതാഗതം ആണെന്ന് വിശ്വസിക്കുന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത യാത്രാച്ചെലവാണെന്നും ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു.
Also read: കെ-റെയിൽ സാമ്പത്തികമായും സാങ്കേതികമായും മുന്നോട്ട് പോകില്ല; ബദൽ സംവാദത്തിൽ അലോക് കുമാർ വർമ
ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സിൽവർലൈൻ ബദൽ സംവാദത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണനായിരുന്നു മോഡറേറ്റർ. ജോസഫ് സി മാത്യുവിന് പുറമേ അലോക് വർമ, ആർ.വി.ജി മേനോൻ, ശ്രീധർ രാധാകൃഷ്‌ണൻ എന്നിവരാണ് പദ്ധതിയെ എതിര്‍ത്ത് പരിപാടിയില്‍ സംസാരിച്ചത്. അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ മാത്രമാണുള്ളത്.
അതേസമയം, കെ റെയിൽ എംഡി വി അജിത് കുമാർ സംവാദത്തിൽ നിന്ന് വിട്ടുനിന്നു. സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ റെയിലിന്‍റെ വിശദീകരണം.