തിരുവനന്തപുരം: യുഡിഎഫ് ഉയര്‍ത്തുന്ന കടുത്ത എതിര്‍പ്പ് അവഗണിച്ച് സില്‍വര്‍ ലൈന്‍ വേഗ റെയില്‍പാതയുമായി (silver line project) സര്‍ക്കാര്‍ മുന്നോട്ട്. പാത കടന്നു പോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികളെ തെരഞ്ഞെടുക്കാന്‍ കലക്‌ടര്‍മാര്‍ ടെണ്ടര്‍ വിളിച്ചു. ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ച് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
പാത കടന്നു പോകുന്ന മേഖലകളില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടലും തുടങ്ങി. 64000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 33,700 കോടി രൂപ വിദേശ വായ്‌പയാണ്. വായ്‌പയ്ക്ക് കേന്ദ്രാനുമതി കിട്ടിയാല്‍ വിദേശ ഏജന്‍സികളുമായി കെ റെയില്‍ ചര്‍ച്ച നടത്തും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത സംസ്ഥാനം ഏറ്റെടുത്താല്‍ പദ്ധതിക്ക് അനുമതി നല്‍കാമെന്ന ഉറപ്പാണ് കേന്ദ്ര മന്ത്രിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
11 ജില്ലകളിലൂടെ കടന്നുപോകുന്ന സിൽവർ ലൈൻ പദ്ധതി
വയനാട്, ഇടുക്കി, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. സാമൂഹികാഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയും സാധ്യത പഠനം നടത്താതെയും സില്‍വര്‍ ലൈനുമായി തിടുക്കത്തില്‍ മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് ഉയര്‍ത്തുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിക്ക് പൂര്‍ണമായി എതിരാണ്. കേരളത്തിലെ മല തുരന്നും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയുമുള്ള പദ്ധതി കേരളത്തിന്‍റെ പരിസ്ഥിതി സന്തുലനം ആകെ താറുമാറാക്കുമെന്ന ആക്ഷേപവുമായി പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. അടുത്തയിടെ തലസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ യുഡിഎഫ് എം.പിമാര്‍ പദ്ധതിയെ എതിര്‍ക്കുമെന്നറിയിച്ചെങ്കിലും പിന്‍മാറില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
READ MORE: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ : ആദ്യ ഘട്ട സ്ഥലമെടുപ്പ് ഉടന്‍