തിരുവനന്തപുരം : പൂജപ്പുരയിൽ സഹോദരൻ സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചട്ടമ്പി സ്വാമി റോഡ്, ഹൗസ് നമ്പർ 19ൽ നിഷയാണ് (37) കൊല്ലപ്പെട്ടത്. സഹോദരൻ സുരേഷ് കുമാറിനെ (41 )പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്‌തു. ഈ മാസം 9നാണ് സംഭവം.
സ്ഥിരം മദ്യപിച്ചെത്തുന്ന സുരേഷ് കുമാർ സഹോദരി നിഷയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്. എന്നാൽ ഒമ്പതിന് വൈകിട്ടുണ്ടായ തർക്കത്തിനിടയിൽ സുരേഷ് ചുറ്റികയ്ക്ക് നിഷയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. മറ്റ് അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും തുടർന്ന് വീട്ടിലേക്ക് മടങ്ങി.
ALSO READ: കെ-റെയിൽ ഡി.പി.ആര്‍ പുറത്ത് വിട്ട് സർക്കാർ; കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്ക് പാര്‍പ്പിട സമുച്ചയം
വെള്ളിയാഴ്‌ച രാത്രിയാണ് നിഷയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം. വീട്ടിൽ രണ്ടുപേർ മാത്രമാണ് താമസിക്കുന്നത്.
മദ്യപിച്ചെത്തുന്ന സുരേഷ് വിഷാദ രോഗിയായ നിഷയുമായി തർക്കത്തിലേക്കും തുടർന്ന് കലഹത്തിലേക്ക് പോകുന്നത് സ്ഥിരമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. തിരുവനന്തപുരം കോർപ്പറേഷന്‍ ഓഫീസിൽ ജീവനക്കാരനാണ് സുരേഷ് കുമാർ. ഒരു സഹോദരന്‍ കൂടി സുരേഷിനുണ്ട്. ഇയാൾ കുടുംബവുമായി പേയാടാണ് താമസം. വൈദ്യ പരിശോധനയ്ക്ക് ശേഷം സുരേഷ് കുമാറിനെ ഞായറാഴ്‌ച വൈകിട്ടോടെ റിമാൻഡ് ചെയ്യും.