തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്റെ നേതൃത്വത്തില്‍ 'ഷീ ലോഡ്ജ്' പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നഗരത്തില്‍ ഒറ്റക്ക് താമസിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിക്ക് 3.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
എറണാകുളം ജില്ലയിലെ കാക്കനാടാണ് ഷീ ലോഡ്ജ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ വാടക നിരക്കില്‍ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഷീ ലോഡ്ജ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ മറ്റ് പ്രധാന ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.