തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെ വന്‍ പരാജയത്തിനും അതിനുപിന്നാലെ നടന്ന പ്രവര്‍ത്തക സമിതി നാടകത്തിനും പിന്നാലെ കോണ്‍ഗ്രസ് തലപ്പത്ത് യുവ നേതൃത്വം വരണമെന്ന ആവശ്യവുമായി ജി 23 അംഗമായ ശശി തരൂര്‍ എം.പി. അടിസ്ഥാന ഘടകം മുതല്‍ ദേശീയതലം വരെ യുവ രക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിച്ച് കോണ്‍ഗ്രസ് നവ ചൈതന്യം ആര്‍ജിക്കേണ്ടതുണ്ടെന്ന് മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ വ്യക്തമാക്കി.
യുവനേതൃത്വം വരണം
തങ്ങളുടെ അഭിലാഷങ്ങള്‍ മനസിലാക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കണം. തീര്‍ച്ചയായും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. അക്കാര്യം നമ്മള്‍ രാജ്യം മുഴുവന്‍ കേള്‍ക്കെ അഭിമാനത്തോടെ വിളിച്ചുപറയണം.
ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന യുവജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്‌തിപ്പെടുത്തും വിധം ഭാവിയിലേക്കുള്ള കാഴ്‌ചപ്പാട് രൂപവത്കരിക്കണം. 45 ശതമാനം വോട്ടര്‍മാര്‍ 35 വയസില്‍ താഴെയുള്ളവരാണ്. നമ്മള്‍ എന്ത് ചെയ്‌തുവെന്നും എന്ത് ചെയ്യുന്നുവെന്നും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്.
വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിയ്ക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കും വിധം ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കുകയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയും വേണം.
'നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു'
ശുഭാപ്‌തി വിശ്വാസം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഭരണകക്ഷിയുടെ പരാജയങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞത് കൊണ്ടുമാത്രം കാര്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് പ്രതീക്ഷാവഹമായ സന്ദേശമാണ്. നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നതിനൊപ്പം നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നുകൂടി പറയാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നു.
മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നത് ഉത്തരവാദപ്പെട്ട പ്രതിപക്ഷ ധര്‍മമാണ്. ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് നിഷേധാത്മക സമീപനമാണെന്ന വാദത്തോട് യോജിക്കാനാകില്ല. രാജ്യത്തിന് ഉചിതമായതെന്ത് എന്ന വ്യക്തമായ ബോധത്തില്‍ നിന്നാണ് അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. അവ വെറും പ്രതികരണങ്ങളല്ല, രാജ്യത്തിന്‍റെ ഗുണപരമായ പാതയില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നതിലുള്ള ആശങ്കയാണെന്നും തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കണം
ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാനും ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിയ്ക്കുന്നത് ഗുണകരമാകും. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗത്വം ഉള്‍പ്പടെ എല്ലാ സ്ഥാനങ്ങളിലേയ്ക്കും തെരഞ്ഞെടുപ്പ് നടത്തണം. അനുകൂലിയ്ക്കുന്ന കുറച്ചുപേരുടെ മാത്രമല്ല, പാര്‍ട്ടിയിലെ എല്ലാ പ്രമുഖരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് വേണം തീരുമാനങ്ങളെടുക്കാന്‍. പുതിയ നേതാക്കള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയും അവരെ പ്രോത്സാഹിപ്പിയ്ക്കുകയും വേണം.
ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിനെക്കുറിച്ച് രാജ്യത്തുടനീളം ചര്‍ച്ചകള്‍ നടക്കുകയാണ്. പൊതുതാത്പര്യം മുന്‍നിര്‍ത്തി പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ക്കുന്നതിന് കോണ്‍ഗ്രസിന് സാധിക്കണം. ഈ നിര്‍ദേശങ്ങള്‍ സമ്പൂര്‍ണമല്ല. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അനുഭവപരിചയമുള്ളതുമായ ഒരു പാര്‍ട്ടിക്ക് അതിന്‍റെ ഭൂതകാല പ്രതാപം വീണ്ടെടുക്കാന്‍ എന്‍റെ കാഴ്‌ചപ്പാടില്‍ തോന്നിയ ചില ആശയങ്ങള്‍ മാത്രമാണ്. ഇന്ത്യയ്ക്ക് ഇതാവശ്യമാണ് - 'വെല്ലുവിളി ഏറ്റെടുക്കണം' എന്ന പേരിലെഴുതിയ ലേഖനത്തില്‍ തരൂര്‍ വ്യക്തമാക്കുന്നു.
Also read: 'മോദി അസാമാന്യ വീര്യമുള്ളയാള്‍': പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍