തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന കള്ളക്കടത്തു കേസിലെ മുഖ്യപ്രതികളുടെ ബന്ധത്തിലൂടെ സംഭവത്തിന് ഏറെ രാഷ്ട്രീയ മാനവും കൈവന്നു. എങ്കിലും സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ കസ്റ്റംസിനു പുറമേ എന്‍.ഐ.എ കൂടി എത്തിയതോടെ കള്ളകടത്തു സംഘത്തിന്‍റെ ഹവാല, തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വഴി തുറന്നു. എന്തുകൊണ്ട് ഗള്‍ഫില്‍ നിന്നുള്ള വന്‍തോതിലുള്ള സ്വര്‍ണക്കടത്ത് ദിനം പ്രതിയുണ്ടാകുന്നു, കള്ളക്കടത്ത് സംഘങ്ങള്‍ എന്തുകൊണ്ട് കേരളം തിരഞ്ഞെടുക്കുന്നു, എന്തു കൊണ്ട് സ്വര്‍ണം മാത്രം കള്ളക്കടത്തു നടത്തുന്നു ഇതൊക്കെയാണ് സാധാരണക്കാരിലുണ്ടാക്കുന്ന സ്വാഭാവിക സംശയങ്ങള്‍. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ ഇടിവി ഭാരതിനോടു വിവരുക്കുന്നു.
എന്തുകൊണ്ട് ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു?
1990 വരെ ഇന്ത്യയില്‍ സ്വര്‍ണക്കടത്ത് ഒരു ക്രിമിനല്‍ കുറ്റമായിരുന്നു. 1968ലെ ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട് 1990 ജൂണ്‍ 6ന് ഇന്ത്യന്‍ പാര്‍ലമെന്‍റ് റദ്ദാക്കി (ഗോള്‍ഡ് കണ്‍ട്രോള്‍ റിപ്പീല്‍ ആക്ട് 1990 എന്നാണ് നിയമത്തിന്‍റെ പേര്). ഈ നിയമം നിലവില്‍ വന്നതോടെ വിദേശത്ത് ആറു മാസം കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങുന്നവര്‍ക്ക് പരമാവധി 5 കിലോഗ്രാം സ്വര്‍ണം കൊണ്ടു വരാന്‍ അനുവാദം ലഭിച്ചു. ഈ നിയമ പ്രകാരം ഒരു ഗ്രാം സ്വര്‍ണത്തിന് 22 രൂപ മാത്രം നികുതി അടച്ചാല്‍ മതി. അതായത് ഒരു പവന്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിന് വെറും 176 രൂപ നികുതി അടച്ചാല്‍ മതി. ഈ സ്‌കീം അന്ന് പ്രയോജനപ്പെടുത്തിയതും കള്ളക്കടത്തു സംഘങ്ങളായിരുന്നു. അക്കാലത്ത് ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്കു വരുന്ന സാധാരണക്കാരെയാണ് ഈ സ്‌കീം വഴി സ്വര്‍ണം കടത്താന്‍ കള്ളക്കടത്തു സംഘങ്ങള്‍ ഉപയോഗിച്ചിരുന്നത്.
നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ഒരു വിമാനടിക്കറ്റ് മാത്രം നല്‍കിയായിരുന്നു അന്ന് സ്വര്‍ണക്കടത്ത്. വിമാനത്താവളത്തിനകത്ത് ഡ്യൂട്ടിയടച്ച് പുറത്തു കാത്തു നില്‍ക്കുന്നവര്‍ക്ക് ഇവര്‍ സ്വര്‍ണം കൈമാറുന്നു. ഒരു വിമാനത്തില്‍ 50 മുതല്‍ അറുപതു പേര്‍ വരെ ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടു വന്നിരുന്നു. ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവന്നവരെ കുറിച്ച് അക്കാലത്ത് ആദായ നികുതി വകുപ്പും ഡയറക്ടട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും നടത്തിയ സര്‍വേയില്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു പവന്‍ സ്വര്‍ണം പോലും വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉള്ളവരല്ലെന്ന് കണ്ടെത്തിയിരുന്നു. അതായത് ഇവരെല്ലാം കാരിയര്‍മാരായിരുന്നു. സ്വര്‍ണം എവിടെന്ന് വന്നെന്നോ എങ്ങോട്ടു പോയെന്നോ അവര്‍ക്കറിയില്ല. ഈ നില 2012 വരെ തുടര്‍ന്നു. 2012ല്‍ സ്വര്‍ണം ഇറക്കുമതിക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. 2014ല്‍ അത് 12.5 ശതമാനമാക്കി ഉയര്‍ത്തി. ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ വിലയുടെ 12.5 ശതമാനം എന്നത് വലിയ തുകയായതോടെ സ്വര്‍ണം കള്ളക്കടത്തു നടത്തുക എന്നത് വന്‍ ലാഭകരമായി. ഈ ലാഭേച്ഛയാണ് സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കാനിടയാക്കിയത്.
എന്തു കൊണ്ട് സ്വര്‍ണം കടത്തുന്നു?
ബാങ്കു വഴിയല്ലാതെ വിദേശത്തു നിന്ന് പണം കടത്താനുള്ള എളുപ്പ മാര്‍ഗമാണ് സ്വര്‍ണം. ഇത്തരം പണക്കടത്തിനെയാണ് ഹവാല ഇടപാടെന്നു പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളിലധികവും അവിദഗ്ധ(അണ്‍സ്‌കില്‍ഡ്) തൊഴില്‍ മേഖലകളിലാണ് പണിയെടുക്കുന്നത്. അവര്‍ക്ക് ബാങ്കുകള്‍ വഴി പണം അയയ്ക്കുക എപ്പോഴും സാധ്യമല്ല. വിസയും മറ്റു മില്ലാതെ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും ബാങ്കുവഴി പണമയയ്ക്കാന്‍ സാധ്യമല്ല. സൗദി അറേബ്യ പോലുള്ള വിസ്തൃതി കൂടിയ രാജ്യങ്ങളില്‍ ബാങ്കുകള്‍ മലയാളികളുടെ തൊഴിലിടങ്ങളില്‍ നിന്ന് വളരെ അകലെയായിരിക്കും. അവര്‍ക്ക് അവധി ലഭിക്കുന്ന വെള്ളിയാഴ്ചകളിലാകട്ടെ ബാങ്കുകള്‍ക്കും അവധിയായിരിക്കും. അതിനാല്‍ അവര്‍ക്ക് ബാങ്കു വഴി പണം അയയ്ക്കാന്‍ സാധിക്കാതെ വരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാദേശികമായി പണം ശേഖരിച്ച് നാട്ടിലേക്കയയ്ക്കുന്ന ഒരു ഹവാല ഏജന്‍റിനെ മലയാളികള്‍ പണം ഏല്‍പ്പിക്കുന്നു. ഇവര്‍ പണം നാട്ടിലെത്തിക്കുന്നു. അവിടെ നിന്ന് പണം സ്വീകരിക്കുന്ന ഈ ഹവാല ഏജന്‍റ് നാട്ടിലെ തങ്ങളുടെ ഏജന്‍റിനെ വിളിച്ചു പറഞ്ഞാണ് തൊഴിലാളികളുടെ നാട്ടിലെ വീട്ടില്‍ പണം എത്തിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോടികളാണ് ഇത്തരം ഹവാല ഇടപാടിലൂടെ നാട്ടിലെത്തിക്കുന്നത്. ഇതിനു തുല്യമായ സ്വര്‍ണം കള്ളക്കടത്തിലൂടെ നാട്ടിലെത്തിക്കുകയാണ് പതിവ്. മുന്‍പ് ചെറിയ നികുതിയടച്ച് സ്വര്‍ണം കൊണ്ടു വരാന്‍ സൗകര്യമുണ്ടായിരുന്നപ്പോഴും വന്‍ തോതില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കടത്തിയിരുന്നത് ഇക്കാരണത്താലാണ്. ഇന്ത്യയില്‍ ഇത്രയധികം ജനങ്ങളുള്ളതിനാല്‍ സ്വര്‍ണത്തിന് വിപുലമായ കമ്പോളമാണ് ഇവിടെയുള്ളതെന്നതും സ്വര്‍ണം കടത്തിന് പ്രേരണയാകുന്നു.
സ്വര്‍ണക്കടത്തിന് എന്തു കൊണ്ട് കേരളം തിരഞ്ഞെടുക്കുന്നു?
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്രയധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്ല. ഇവിടെ 4 വമാനത്താവളങ്ങളില്‍ നിന്നും സ്വര്‍ണം സുരക്ഷിതമായി പുറത്തിറക്കിയാല്‍ പിന്നെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക വളരെ എളുപ്പമാണ്. ഹൈവേകളിലെ പിടിച്ചുപറി സംഘങ്ങളോ പൊലീസ് റെയ്ഡുകളോ ഒന്നും ഇവിടെയില്ല. പിന്നെ നമ്മള്‍ നേരത്തെ സൂചിപ്പിച്ച ഹവാല സംഘങ്ങള്‍ക്ക് ഈ പണം വിതരണം ചെയ്യേണ്ടതും കേരളത്തില്‍ തന്നെയാണ്.
ഇത്തരം പണം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഉപയോഗിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. എന്നാല്‍ ഇതു സംബന്ധിച്ച് എന്‍.ഐ.എ സംഘത്തിന് എന്തെങ്കിലും തുമ്പ് ഇതുവരെ ലഭിച്ചിട്ടില്ല. സ്വര്‍ണം കൊണ്ടുവരുന്നവര്‍ പലപ്പോഴും പിടിയിലാകുന്നുണ്ടെങ്കിലും ഇത് ആരില്‍ നിന്നു വരുന്നെന്നോ എവിടെ എത്തുന്നു എന്നോ സംബന്ധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടന്നിട്ടില്ല. നടന്നാലും ഇവ കണ്ടെത്തുക അത്ര എളുപ്പവുമല്ല. സാധാരണയായി വലിയ അളവില്‍ സ്വര്‍ണം പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് അതിന്‍റെ പിന്നാമ്പുറത്തേക്ക് അന്വേഷണം നീളുക. അത്തരം സംഭവങ്ങളും വിരളമാണ്.
എന്തുകൊണ്ട് സ്വര്‍ണത്തിന് പ്രിയമേറുന്നു. വില ഉയരുന്നു...?
വികസ്വര രാജ്യങ്ങളിലെ സമ്പദ്ഘടനകളില്‍ ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗം സ്വര്‍ണം തന്നെയാണ്. പക്ഷേ 1990 മുതല്‍ 2014രെയുള്ള കാല്‍ നൂറ്റാണ്ടിനിടയില്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളുടെ മൂല്യത്തിലുണ്ടായ വര്‍ധനയ്ക്കാനുപാതികമായ മൂല്യ വര്‍ധന ഇന്ത്യയില്‍ സ്വര്‍ണത്തിനുണ്ടായിട്ടില്ല. അതേസമയം മറ്റ് നിക്ഷേപ മാര്‍ഗങ്ങളായ ഓഹരികള്‍, കടപ്പത്രങ്ങള്‍, മ്യൂച്ചല്‍ഫണ്ട്, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ മൂല്യം കുതിച്ചുയരുകയാണുണ്ടായത്. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം ഗണ്യമായി ഈ കാലയളവില്‍ ഉയര്‍ന്നതായിരുന്നു കാരണം. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കു വീണപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല പൂര്‍ണമായി തകര്‍ന്നു. മാത്രമല്ല, മറ്റ് നിക്ഷേപമാര്‍ഗങ്ങളില്‍ നിന്നുള്ള റിട്ടേണില്‍ ഗണ്യമായ കുറവുമുണ്ടായി.
അവിടെയാണ് സ്വര്‍ണത്തിന് പ്രസക്തിയേറുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മറ്റ് നിക്ഷേപ മേഖലകളില്‍ നിന്ന് സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറും. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി സ്വര്‍ണത്തിന് ഇത്രയധികം വിലകൂടാനുള്ള കാരണം സാമ്പത്തിക മാന്ദ്യമാണ്. ഇതിനു പുറമേ സ്വര്‍ണം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നത് വളരെ എളുപ്പമാണ്. ഉദാഹരണമായി ഒരു കോടി രൂപയുടെ കറന്‍സി നോട്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനേക്കാള്‍ എളുപ്പമാണ് അത്രയും വില വരുന്ന സ്വര്‍ണം മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നത്. ഇത്രയും മൂല്യമുള്ള സ്വര്‍ണം ബാങ്ക് ലോക്കറുകളിലും മറ്റും ഒളിപ്പിച്ചുവയ്ക്കുന്നതും സൗകര്യമാണ്. മഞ്ഞലോഹം രഹസ്യ നിക്ഷേപകര്‍ക്ക് ആകര്‍ഷകമാകുന്നത് ഇവിടെയാണ്. എന്നാല്‍ ഒരു കോടി രൂപ രഹസ്യമായി സൂക്ഷിക്കുന്നതാകട്ടെ വലിയ ശ്രമകരവുമാണ്.
വീണ്ടും നോട്ടു നിരോധനമുണ്ടാകുമോ എന്ന ഭയം
2016 നവംബര്‍ ഒമ്പതിലേതിനുസമാനമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഒരു നോട്ടു നിരോധനത്തിനു മുതിര്‍ന്നേക്കുമെന്ന് കള്ളപ്പണക്കാര്‍ ഭയക്കുന്നു. വീണ്ടും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കറന്‍സിയിലുള്ള കള്ളപ്പണം വെളുപ്പിക്കു എളുപ്പമാവില്ല. എന്നാല്‍ കള്ളപ്പണ നിക്ഷേപം സ്വര്‍ണത്തിലാണെങ്കില്‍ ഈ ബുദ്ധിമുട്ടുണ്ടാകില്ല. അതിനാല്‍ വീണ്ടുമൊരു നോട്ടു നിരോധം ഭയക്കുന്നവര്‍ ഇപ്പോള്‍ കള്ളപ്പണമധികവും നിക്ഷേപിക്കുന്നത് സ്വര്‍ണത്തിലാണ്. സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരാനുള്ള കാരണവും ഇതു തന്നെ. പക്ഷേ സമ്പദ്ഘടന വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങിയാല്‍ സ്വര്‍ണ നിക്ഷേപം കുറയുകയും റിയല്‍ എസ്റ്റേറ്റിലേക്കും ഓഹരികളിലേക്കും മ്യൂച്ചല്‍ ഫണ്ടുകളിലേക്കും നിക്ഷേപം മാറും. അതോടെ സ്വര്‍ണത്തിന്‍റെ വില വന്‍ തോതില്‍ ഇടിയാനും സാദ്ധ്യതയും ഉണ്ട്.