തിരുവനന്തപുരം: ശംഖുമുഖത്തെ സാഗര കന്യക ശില്‍പത്തെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശില്പത്തിന് സമീപം പുസ്തകം പ്രകാശനം ചെയ്തായിരുന്നു പ്രതിഷേധം. ബാബു കുഴിമറ്റം എഴുതിയ അഞ്ച് അശ്ലീല കഥകൾ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. കാനായി കുഞ്ഞിരാമൻ നിർമിച്ച ശംഖുമുഖത്തെ സാഗര കന്യക ശില്‍പ്പം ഏറെ പ്രശസ്‌തമാണ്. ശംഖുമുഖം കടപ്പുറത്തോട് ചേർന്നാണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്.
എന്നാൽ അടുത്തിടെ വ്യോമസേനയുടെ ഉപയോഗശൂന്യമായ ഹെലികോപ്‌റ്റര്‍ സന്ദർശകർക്കായി ശില്പത്തിന് സമീപം സ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ശില്പത്തിന്‍റെ ശോഭ കെടുത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനെതിരെയായിരുന്നു പുസ്തക പ്രകാശനം ചെയ്തുള്ള പ്രതിഷേധം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശില്പപി കാനായി കുഞ്ഞിരാമന് നൽകി പുസ്തക പ്രകാശനം ചെയ്തു. എത്രയും വേഗം ശില്പത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സൃഷ്ടി അവഹേളിക്കപ്പെടുന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. ശില്പത്തെ അവഹേളിക്കുന്നതിനെതിരെ പ്രതിഷേധം തുടരാനാണ് തീരുമാനം.