തിരുവനന്തപുരം : പ്രതിഫലം നൽകാതെ പണിയെടുപ്പിക്കുന്ന 'ഊഴിയം' വേലയാണ് കെ.എസ്.ആർ.ടി.സിയിലെന്ന് ജീവനക്കാർ. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ കെ.എസ്.ആർ.ടി.സി ഓഫീസിനു മുന്നിൽ പതിപ്പിച്ച പോസ്റ്ററിലാണ് ' ഊഴിയം വേല ' എന്ന പരാമർശം. കഴിഞ്ഞ ദിവസം ഡ്യൂട്ടിയ്ക്ക് ഹാജരാകാത്ത സ്ഥിരം ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി നൽകിയ മുന്നറിയിപ്പിൽ 'വാർക്കപ്പണിയ്ക്ക് പോകുന്നതിനാലാണ് ജോലിയ്ക്ക് ഹാജരാകാത്തതെന്ന് ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
"പ്രതിഫലം നൽകാതെ ആളുകളെ കൊണ്ട് പണിയെടുപ്പിച്ചിരുന്ന ഒരു സമ്പ്രദായം പണ്ട് തിരുവിതാംകൂറിൽ നിലനിന്നിരുന്നു. ഇത് ഊഴിയം വേല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നിലവിൽ രാജ്യത്തെവിടെയും ഇത് നടപ്പാക്കുന്നില്ല. പക്ഷേ കെ.എസ്. ആർ.ടി.സിയിൽ ഊഴിയം വേല നടപ്പാക്കുന്നു." ഇങ്ങനെയാണ് പോസ്റ്റർ പറയുന്നത്. പതിവായി ശമ്പളം മുടങ്ങുന്നതിൽ ഭരണപക്ഷ തൊഴിലാളി സംഘടനകളടക്കം കടുത്ത അത്യപ്തിയിലാണ്. ഈ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്ന് വിതരണം ചെയ്യാനാകുമെന്ന വ്യക്തതയും മാനേജ്മെന്റിനില്ല.