തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമം. ശമ്പളം എല്ലാ മാസവും അഞ്ചിനകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് ഓഫിസിന് മുന്നിൽ സിഐടിയുവിൻ്റെ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുകയാണ്.
ശമ്പളം നൽകാൻ 30 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശമ്പളം നൽകാൻ ബുധനാഴ്‌ച വരെ കാത്തിരിക്കേണ്ടി വന്നേക്കും.
കഴിഞ്ഞ മാസം ശമ്പളം നൽകുന്നതിനായി ഓവർ ഡ്രാഫ്റ്റ് എടുത്ത തുക ഈ മാസം ഇരുപതിനകം തിരിച്ചടച്ചാൽ മാത്രമേ ഇനി പണം കിട്ടൂ. വിഷു, ഈസ്റ്റർ എന്നിവ മൂലം തുടർച്ചയായി ബാങ്ക് അവധിയായതും നടപടികൾ വൈകാന്‍ കാരണമായി. പ്രവർത്തി ദിനമായ ഇന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തിക്കാനുള്ള സാധ്യത കുറവാണ്.
അതേസമയം, പ്രതിസന്ധി രൂക്ഷമായതോടെ സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകൾ ഈ മാസം 28ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് മെയ് ആറിന് പണിമുടക്കും. തിങ്കളാഴ്‌ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹവും ആരംഭിക്കും. എഐടിയുസി ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ സമരം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Also read: ശമ്പളം നൽകുന്നില്ല ; സമരം ശക്തമാക്കി കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകൾ