തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങ് ദേവസ്വം ബോര്‍ഡ് വഴി നടപ്പാക്കണമെന്ന് പുതിയ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍. ബോര്‍ഡിന്‍റെ ആവശ്യം സര്‍ക്കാരിനെ അറിയിക്കും. അന്തിമ തീരുമാനം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമാണുണ്ടാകേണ്ടതെന്നും അനന്തഗോപന്‍ പറഞ്ഞു.
ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ബോര്‍ഡ് യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനന്തഗോപന്‍. ശബരിമലയില്‍ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കും. ശബരിമലയില്‍ ഇത്തവണയും നിയന്ത്രണങ്ങളുണ്ടാകും.
കൊവിഡ് പ്രതിസന്ധി കൂടാതെ മോശം കാലാവസ്ഥയെ തുടര്‍ന്നും നിയന്ത്രണങ്ങളുണ്ട്. ആദ്യ ദിവസങ്ങളില്‍ 30,000 പേര്‍ക്കായിരുന്നു പ്രവേശനം, അത് നിയന്ത്രിക്കും. നാല് ദിവസത്തേക്കാണ് ഇപ്പോള്‍ നിയന്ത്രണം. അത് വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമേ സ്‌പോട്ട് ബുക്കിങ് ആരംഭിക്കുകയുള്ളൂ. സ്‌പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മ ക്ഷേത്രം, കീഴിലം ക്ഷേത്രം എന്നിവിടങ്ങളിലാകും സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുക.
പരമ്പരാഗത പാതകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ഇന്നത്തെ ബോര്‍ഡ് യോഗം തീരുമാനിച്ചു. പരാതി രഹിതമായി ശബരിമല തീര്‍ഥാടനം പൂര്‍ത്തിയാക്കുമെന്നും അഡ്വ കെ അനന്തഗോപന്‍ വ്യക്തമാക്കി.
ALSO READ: Rape: 16കാരിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍; ഇര ഗര്‍ഭിണിയായി