തിരുവനന്തപുരം : ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിനിടെ യുഡിഎഫിലും അപസ്വരം.
ഘടക കക്ഷിയായ ആര്‍.എസ്.പി സെപ്റ്റംബർ ആറിന് നടക്കുന്ന യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് സ്ഥിരീകരിച്ചു. അതേസമയം മുന്നണി വിടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നും അസീസ് വ്യക്തമാക്കി.
കത്ത് നൽകിയിട്ടും നടപടിയില്ലെന്ന് ആർഎസ്‌പി
മുന്നണി വിടേണ്ട ഒരു സാഹചര്യവും നിലവിലില്ല. തീരെ വിജയ സാധ്യതയില്ലാത്ത നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് നേതൃത്വം അടിച്ചേല്‍പ്പിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തവണ നല്‍കിയ ആറ്റിങ്ങല്‍, മട്ടന്നൂര്‍ സീറ്റുകള്‍ തീരെ ജയ സാധ്യതയില്ലാത്തവയാണ്. ചവറയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തന രംഗത്ത് നിര്‍ജീവമായിരുന്നു.
തീരെ ജയ സാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കിയത് കാരണം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സാന്നിധ്യവും തീരെക്കുറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ ആര്‍എസ്‌പിയെ അടുപ്പിക്കുന്നില്ല.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് നേതൃത്വത്തിന് കത്ത് നില്‍കിയത്. എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും പരിഗണിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അടുത്ത യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.
READ MORE: 'പാർട്ടിയെ തകർക്കുന്ന നിലയിലേക്ക് പോകരുത്'; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും സുധാകരന്‍റെ താക്കീത്
വിശദമായ ചര്‍ച്ച സെപ്റ്റംബർ നാലിന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. അതേസമയം ആര്‍എസ്‌പി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ വ്യക്തമാക്കി.
തിയ്യതി അറിയിക്കട്ടെ അപ്പോള്‍ നോക്കാമെന്നായിരുന്നു ഹസ്സന്‍റെ പ്രതികരണത്തിന് അസീസിന്‍റെ മറുപടി.