തിരുവനന്തപുരം : ലൈഫ് പദ്ധതി ഉൾപ്പടെ ഭവന നിർമാണ ആവശ്യങ്ങൾക്കുള്ള ഭൂമി തരംമാറ്റൽ അപേക്ഷകൾ പ്രത്യേക പരിഗണന നൽകി തീർപ്പാക്കാൻ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ നിയമസഭയിൽ. മുൻഗണനാക്രമം പാലിച്ചാണ് ഭൂമി തരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കുന്നത്. എന്നാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പടെ ഉപഭോക്താക്കൾക്ക് പ്രത്യേക പരിഗണന നൽകി സമയബന്ധിതമായി അപേക്ഷകൾ തീർപ്പാക്കാൻ നിർദേശം നൽകും.
ഇക്കാര്യം സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യറിൽ പ്രത്യേകമായി ഉൾപ്പെടുത്തും. ഓരോ റവന്യൂ ഡിവിഷണൽ ഓഫിസിലും റവന്യൂ ഡിവിഷണൽ ഓഫിസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നിവരടങ്ങുന്ന ഒരു സമിതി രൂപീകരിക്കും. ഈ സമിതി പ്രത്യേക മുൻഗണന ആവശ്യമുള്ള കേസുകളിൽ പരിശോധിക്കും. മുൻഗണന സംബന്ധിച്ച് അർഹത പരിശോധിച്ച് ഈ സമിതിക്ക് തീരുമാനമെടുക്കാം.
നെൽവയൽ തണ്ണീർത്തട നിയമം വരുന്നതിന് മുൻപ് നികത്തപ്പെട്ടതും എന്നാൽ രേഖകളിൽ നഞ്ച എന്ന് രേഖപ്പെടുത്തിയതുമായ 25 വർഷം മുൻപുള്ള കെട്ടിടങ്ങൾക്ക് നിലവിൽ രൂപമാറ്റം വരുന്നതിന് ഭൂമി തരം മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം അപേക്ഷകൾ പ്രത്യേക പരിഗണന നൽകി തീർപ്പാക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ടി.പി രാമകൃഷ്‌ണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് റവന്യൂ മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.