തിരുവനന്തപുരം: ജില്ലയിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച വെളളനാട്ടെ ആശങ്കകൾ അകറ്റാൻ ജനപ്രതിനിധികൾ. ഇറ്റലിയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഒരു ഗ്രാമം മുഴുവൻ ആശങ്കയിലായി. ഇതോടെയാണ് ഇടപെടലുമായി ജനപ്രതിനിധികൾ രംഗത്തെത്തിയിരിക്കുന്നത്. കെ.എസ് ശബരിനാഥൻ എംഎൽഎ യുടെ നേതൃത്വത്തിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അവലോകനയോഗം ചേർന്നു. ജനപ്രതിനിധികൾ, കൊപ്പം ആർടിഒ, തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകൾക്ക് അടിസ്ഥാനമില്ലാത്ത രീതിയിലാണ് കൈകാര്യം ചെയ്തതെന് ആരോഗ്യവകുപ്പ് അധികൃതർ ജനപ്രതിനിധികളോട് വിശദീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ഇതോടൊപ്പംതന്നെ വൈറസ് പടർന്ന് പിടിക്കാതിരിക്കാനുള്ള മുൻകരുതൽ സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി.
വിദേശത്തുനിന്നുമെത്തി പരിശോധനയ്ക്ക് വിധേയരാകാത്തവരെ കണ്ടെത്താനുള്ള നടപടികൾക്ക് ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് യോഗത്തിൽ തീരുമാനമായി. ഇതോടൊപ്പം ജനങ്ങളുടെ ആശങ്ക അകറ്റാൻ പ്രചരണ പ്രവർത്തനങ്ങൾ നടത്തും. ലഘു ലേഖകൾ വിതരണം ചെയ്യുന്നതോടൊപ്പം വാഹന പ്രചരണം നടത്താനും തീരുമാനമായി. രോഗിയെയല്ല രോഗത്തെയാണ് ഭയപ്പെടേണ്ടത് എന്ന സന്ദേശം ജനങ്ങൾക്ക് നൽകാനാണ് വെള്ളനാട് ജനപ്രതിനിധികളുടെ തീരുമാനം.