തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്കം കണ്ടെത്താൻ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വിവരങ്ങൾ രോഗികളുടെ സ്വകാര്യതയെ ബാധിക്കരുത്. ഇവ രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ ഇവ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രോഗികളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന ആരോപണവും പലരും ഉന്നയിക്കുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ രോഗികളുടെ ഫോൺവിളി രേഖകൾ കർശനമായി ശേഖരിക്കണമെന്ന് ഡി.ജി.പി നിർദേശം നൽകിയിരുന്നു. സമ്പർക്കം എത്രയും വേഗത്തിൽ കണ്ടെത്താനാണ് ഫോൺ വിളി വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കൊവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എളുപ്പമല്ലെന്നും പൊലീസ് പറയുന്നു. നേരത്തേ സമ്പർക്കത്തില്‍ ഏർപ്പെട്ടവരെ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള കേസുകളിൽ നേരത്തെ ആരോഗ്യ പ്രവർത്തകരും ഫോൺ വിളി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.