തിരുവനന്തപുരം: കിഫ്ബിയിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലും സി.എ.ജി ഓഡിറ്റിങ് നടത്താന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരു സ്ഥാപനങ്ങളിലും നടക്കുന്ന കൊളളയും ക്രമക്കേടും മൂടിവെക്കുന്നതിനായാണ് ഓഡിറ്റിങ് അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്നത് ദുരൂഹമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതായും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കിയാലില്‍ എന്തുകൊണ്ട് സി.എ.ജി ഓഡിറ്റിങ് അനുവദിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിയാലില്‍ ഏതുതരം ഓഡിറ്റിങ് ആണ് നടക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ മറു ചോദ്യം. എന്നാല്‍ കേന്ദ്ര സര്ക്കാരിന്റെ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ രേഖകള്‍ പ്രകാരം കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയും സിയാല്‍ സര്‍ക്കാര്‍ ഇതര കമ്പനിയുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ മുഖ്യമന്ത്രി മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കിഫ്ബിയില്‍ വളരെ ദുരൂഹമായ കാര്യങ്ങളാണ് നടക്കുന്നത്. കിഫ്ബി പ്രൊജക്റ്റുകള്‍ പരിശോധിക്കുന്നതിനായി അപ്രൈസല്‍ ഡിവിഷന്‍ ഉണ്ടായിരിക്കെ പുറത്തു നിന്നുള്ള ടെറാനസ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഇത് കടലാസ് കമ്പനിയാണ്. പത്ത് കോടി രൂപ ഇതിനോടകം തന്നെ ഇവര്‍ക്ക് നല്‍കിയെന്നും ഇത് വന്‍ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഓഡിറ്റിങിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും ചെന്നിത്തല അറിയിച്ചു.