തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. പദ്ധതിയിലെ റെഡ് ക്രെസെന്‍റും യൂണിട്ടാക്കും തമ്മിലുള്ള കരാർ വിവരങ്ങൾ പുറത്ത് വിടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ധാരണാപത്രം, വ്യവസ്ഥകൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ എല്ലാം സർക്കാർ പരസ്യപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വാർത്തകൾ പുറത്തുവരികയാണ്. ഈ കരാറിൽ ഒരു കോടി രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതിയിലെ വിവിധ കരാറുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ തയാറാകണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിച്ചു.
ഒരു വിദേശ കമ്പനി സർക്കാർ പദ്ധതിയുടെ ഭാഗമായി ഇടപെടുന്നതും പണം ചിലവഴിക്കുന്നതും കേട്ടുകേൾവിയില്ലാത്ത സംഗതിയാണ്. ഇത്തരം ഇടപാടുകളിൽ സൂക്ഷ്മത ഉറപ്പു വരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇതിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും കത്തിൽ പറയുന്നു. കരാറിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. തൃശൂർ വടക്കാഞ്ചേരിയിലാണ് റെഡ് ക്രസെന്‍റിന്‍റെ സഹായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് സമുച്ചയം പണിയുന്നത്.