തിരുവനന്തപുരം: പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമാണ് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി രൂപ കല്‍പന ചെയ്‌ത റാപ്പിഡ് ടെസ്റ്റ് കിറ്റ്. വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ലക്ഷകണക്കിന് പേരാണ് ഇത്തരത്തില്‍ ഇന്ത്യയിലെത്തുക. ഇവരെ എല്ലാവരേയും പരിശോധിക്കുകയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുമുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടിവരിക. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമ്പോള്‍ രോഗമുള്ളവരേയും രോഗസാധ്യതയുള്ളവരേയും കണ്ടെത്താന്‍ ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന സഹായകമാകും. അന്തിമ രോഗനിര്‍ണയത്തിന് പി.സി.ആര്‍ പരിശോധന ആവശ്യമാണെങ്കിലും വിദേശത്ത് നിന്ന് വന്നവരെ ലോ റിസ്‌ക്-ഹൈ റിസ്‌ക് വിഭാഗങ്ങളിലാക്കി നിരീക്ഷണത്തിലാക്കാന്‍ ഇതിലൂടെ സാധിക്കും.
ഒന്നര ലക്ഷത്തോളം മലയാളികളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടുള്ളത്. ഇവരില്‍ എത്രപേര്‍ നാട്ടിലേക്ക് മടങ്ങുമെന്നുള്ള കണക്കുകള്‍ സര്‍ക്കാറിന്‍റെ പക്കലില്ല. അതുകൊണ്ട് തന്നെ വിപുലമായ ക്രമീകരണമാണ് സംസ്ഥാനത്തും ഒരുക്കുന്നത്. അന്തിമ അനുമതി ലഭിച്ച് രാജ്യത്ത് ഇവ ഉപയോഗിക്കുമ്പോള്‍ കേരളത്തിനും അത് അഭിമാന നിമിഷമാണ്.