തിരുവനന്തപുരം: പുത്തുമല, കവളപ്പാറ, പെട്ടിമുടി ദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകിയില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷം. ദുരന്തത്തിന് ഇരയായവരെ പുനരധിവാസിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പുത്തുമലയിൽ ദുരന്തം നടന്ന് രണ്ടു വർഷമായിട്ടും ഒരു വീട് പോലും നൽകാനായില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി. സിദ്ദിഖ് പറഞ്ഞു.
സർക്കാർ ദുരിതബാധിതരെ ഉപേക്ഷിച്ചതായി പ്രതിപക്ഷം
കവളപ്പാറയിലും പെട്ടിമുടിയിലും ഭവന സൗകര്യം ഒരുക്കുന്നതിലും സാമ്പത്തിക സഹായം നൽകുന്നതിലും ദയനീയമായി പരാജയപ്പെട്ടു. ആറുമാസം കൊണ്ട് സമ്പൂർണ പുനരധിവാസം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് രണ്ടു വർഷമായിട്ടും ഒന്നും നടന്നില്ല. വാടക വീടുകളിൽ താമസിക്കുന്നവർക്ക് വാടക കൊടുക്കാത്ത സർക്കാരാണ് ഈ സർക്കാരെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
വിഷയം പ്രതിപക്ഷം രാഷ്‌ട്രീയവൽക്കരിക്കുന്നുവെന്ന് റവന്യൂ മന്ത്രി
2018-19ലെ കേരളത്തിലെ പ്രളയ പ്രവർത്തനങ്ങളിൽ ഹൈക്കോടതി, ഐക്യരാഷ്ട്ര സംഘടന, യൂണിസെഫ് ഉൾപ്പെടെയുള്ളവർ നല്ല നിലയിലാണ് നോക്കിക്കണ്ടതെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജനക്ഷേമ നടപടികൾ എല്ലാവരുടെയും സഹായത്തോടെ സർക്കാർ ചെയ്‌തിരുന്നു. കേരളത്തിന് ലഭിക്കേണ്ട സഹായങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് തടയുന്ന സ്ഥിതിയാണുണ്ടായത്.
ദുരന്തമേഖലയിൽ നൽകേണ്ട സഹായങ്ങൾ സഭ നടപടികൾ തീരുന്നതിന് മുമ്പ് തന്നെ നൽകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.
സർക്കാർ ജനങ്ങളെ വിധിക്ക് വിടുന്നു; പ്രതിപക്ഷ നേതാവ്
അതേസമയം പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷം എന്ത് രാഷ്ട്രീയമാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നവകേരളവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ദുരന്ത സാധ്യതയുള്ള മേഖലകളിൽനിന്ന് ഇനിയും പലരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിനെ നേരിടേണ്ട ശാസ്ത്രീയ പരിശോധനകളും മുന്നൊരുക്കങ്ങളും സർക്കാർ നടത്തുന്നില്ലെന്നും ജനങ്ങളെ വിധിക്ക് വിടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
READ MORE: ഉരുൾപൊട്ടൽ ഭീഷണിയുള്ളിടത്ത് 250 അടിയില്‍ കാറ്റാടിയന്ത്രങ്ങളുടെ നിര്‍മാണം;പരാതി നല്‍കി കുടുംബം